മരണത്തണുപ്പിൽ അമ്മയുടെ ദേഹം വീട്ടിൽ, കണ്ണീരടക്കി നാടകമാടി മകൻ

Friday 29 April 2022 12:33 AM IST

അമ്മയ്ക്ക് അന്ത്യചുംബനം നൽകുന്ന ടോണി

തൃശൂർ:പെറ്റമ്മയുടെ ചേതനയറ്റ ശരീരം ഫ്രീസറിൽ മരവിച്ച് വീട്ടിൽ കിടക്കുന്നു. കണ്ണീർ മഴ ഉള്ളിലൊതുക്കി കാതങ്ങൾ അകലെ സ്റ്റേജിൽ മകന്റെ പകർന്നാട്ടം. തിരിച്ചെത്തി അന്ത്യചുംബനം നൽകി യാത്രയാക്കൽ...

പ്രമുഖ നാടക നടൻ ടോണി പേരാമംഗലമാണ് മനസ്സിനെ നുറുക്കുന്ന ഈ നേരനുഭവം.

തൃശൂരിലെ പേരാമംഗലം സ്വദേശി ടോണി (45) തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം' നാടകത്തിലെ പ്രധാന നടനാണ്. ബുധനാഴ്ച രാവിലെയായിരുന്നു പക്ഷാഘാതത്തെ തുടർന്ന് അമ്മ സിസിലിയുടെ (78) മരണം. അന്ന് തിരുവനന്തപുരം നാവായിക്കുളത്ത് ക്ഷേത്രോത്സവത്തിന് ഈ നാടകമുണ്ട്. നാടക സമിതിക്കാർ ഉത്സവക്കമ്മിറ്റിയെ ബന്ധപ്പെട്ട് വിവരം പറഞ്ഞു. പറഞ്ഞ സമയത്ത് മറ്റൊരു ട്രൂപ്പിനെ അയയ്ക്കാമെന്നു പറഞ്ഞിട്ടും രക്ഷയില്ല.

ഫ്രീസർ വരുത്തി അമ്മയെ കിടത്തിയശേഷം ടോണി ഹൃദയവേദനയോടെ യാത്ര തിരിച്ചു. വിശ്വസാഹിത്യകാരൻ വില്യം ഷേക്‌സ്പിയറിന്റെ ജീവിതകഥയുടെ ആവിഷ്‌കാരമാണ് നാടകം. ഷേക്‌സ്പിയറിന്റെ അച്ഛൻ ജോൺ ഷേക്‌സ്പിയർ, തിയേറ്റർ ഉടമ, ഷേക്‌സ്പിയറിന്റെ മരുമകൻ എന്നിങ്ങനെ മൂന്ന് വേഷം അഭിനയിച്ചു.

നാടകാവതരണം കഴിഞ്ഞ് പേരാമംഗലത്തെ വീട്ടിലെത്തുമ്പോൾ നേരം പുലർന്നിരുന്നു. രാവിലെ 9ന് മകന്റെ അന്ത്യചുംബനം ഏറ്റുവാങ്ങി അമ്മ പേരാമംഗലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ മണ്ണോടു ചേർന്നു. 'ഇതിഹാസം' ഇന്നലെ രാത്രി തൃശൂർ അത്താണിയിലും അവതരിപ്പിച്ചു. അതിലും ടോണി അഭിനയിച്ചു.

'ഇതിഹാസം' നാടകത്തിൽ ടോണി (നടുവിൽ നിൽക്കുന്നയാൾ)

തനിയാവർത്തനം...

ടോണിക്ക് ആദ്യാനുഭവമല്ലിത്. 2005ൽ അപ്പൻ ലോനപ്പന്റെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്ത ദിവസവും കൊടുങ്ങല്ലൂരിലെ വേദിയിലേക്ക് ഓടിയെത്തേണ്ടി വന്നിരുന്നു. എറണാകുളം സാരസ്വത ട്രൂപ്പിലായിരുന്നു അന്ന്. അമ്മയാണ് സമാധാനിപ്പിച്ച് പറഞ്ഞയച്ചത്.

ടോണിയുടെ ഭാര്യ ജിൻസി അമല ആശുപത്രി ജീവനക്കാരിയാണ്. മക്കളായ അലനും അനഘയും വിദ്യാർത്ഥികൾ. സഹോദരങ്ങൾ: ഷീല, ജോസഫ്, സത്യൻ, മെൽവിൻ, പരേതനായ യേശുദാസ്.

നാടക നടന്റെ ജീവിതം ഇങ്ങനെയാണ്. വേറെ മാർഗ്ഗമില്ലല്ലോ. മനസ് ഇടറി സ്റ്റേജിൽ വാക്കുകൾ മുറിഞ്ഞുപോകുമോ എന്ന ഭയമുണ്ടായിരുന്നു. അമ്മയുടെ അനുഗ്രഹം കൊണ്ടാവാം, തെറ്റാതെ അവതരിപ്പിക്കാനായി.

ടോണി

Advertisement
Advertisement