ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനം, രാജ്യത്ത് വിഭജന അന്തരീക്ഷം: സുനിൽ പി. ഇളയിടം

Friday 29 April 2022 12:26 AM IST

പത്തനംതിട്ട: രാജ്യത്ത് നിലനിൽക്കുന്നത് വിഭജനകാലത്തെ അന്തരീക്ഷമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം. ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു മതം, ഒരു നേതാവ്, ഒരു ഭാഷ എന്ന ഫാസിസത്തിലേക്ക് ഹിന്ദുത്വ ശക്തികൾ ജനാധിപത്യത്തെ മാറ്റിമറിക്കുകയാണ്. ഇതിന് ഭരണാധികാരവും ഉപയോഗിക്കുന്നു. രാജ്യത്തെ ഒരു നേതാവിലേക്ക് ചുരുക്കുകയാണ്. നേതാവാണ് രാജ്യം എന്നത് ഫാസിസമാണ്. ബില്ലുകളും നയങ്ങളും ചർച്ചയില്ലാതെ നടപ്പാക്കുന്നു. ദേശീയതയുടെ മറപറ്റിയാണ് ഹിന്ദുത്വവാദം ശക്തിപ്പെടുത്തുന്നത്. മതഘോഷയാത്രയെ ഇതര മതസ്ഥരുടെ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്താനുളള ആയുധമാക്കുന്നു. ഭൂരിപക്ഷ ജനഹിതം ഉപയോഗപ്പെടുത്തി മതരാഷ്ട്രീയവാദികൾ ജനാധിപത്യത്തെയും ദേശീയതാ സങ്കൽപ്പത്തെയും അട്ടിമറിക്കുന്നു. ജനങ്ങളുടെ ബോധത്തെ മതപരമായി ചിത്രീകരിക്കുകയാണ്. ലൗ ജിഹാദിനെയും ഭക്ഷണ ശീലങ്ങളെയും കുടുംബസദസുകളെയും കൂട്ടുപിടിച്ചാണ് മതപരമായ വിഭജന ചിന്തകൾ ഉണർത്തുന്നത്. മതവൈരത്തിന്റെ പ്രതികാരം തീർക്കലാണ് ഹിന്ദുത്വ ശക്തികൾ ചെയ്യുന്നത്. മതവൽക്കരണവും സ്ത്രീ വിരുദ്ധതയും കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും വർദ്ധിക്കുകയാണ്.

ആശയങ്ങളിലെയും അഭിപ്രായങ്ങളിലെയും ഭിന്നതകൾ അനുവദിക്കുന്നത് ഭരണഘടനയുടെ സവിശേഷതയാണ്. ഭൂരിപക്ഷ ഹിതം അനുസരിച്ച് പ്രവർത്തിക്കുമ്പോഴും ന്യൂനപക്ഷ അവകാശ സംരക്ഷണമാണ് ജനാധിപത്യത്തിന്റെ കാതൽ. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിരോധവും സമരവും ആവശ്യമാണെന്ന് അദ്ദേഹം പറ‌ഞ്ഞു.

ഡി.വൈ.എഫ്.എെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി, സെക്രട്ടറി അവോയ് മുഖർജി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചിന്ത ജെറോം, പ്രീതി ശേഖർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement