ചെർപ്പുളശ്ശേരി നഗരവികസന പദ്ധതി: ഉദ്യോഗസ്ഥർ പരിശോധന നടത്തി

Friday 29 April 2022 12:23 AM IST

ചെർപ്പുളശ്ശേരി: നഗരവികസനവുമായി ബന്ധപ്പെട്ട സ്ഥല പരിശോധനയുടെ ഭാഗമായി കെ.ആർ.എഫ്.ബി പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നഗരത്തിൽ പരിശോധന നടത്തി. കിഫ്ബി പദ്ധതിയുടെ നടത്തിപ്പിനായി നെല്ലായ മുതൽ കച്ചേരിക്കുന്ന് ജംഗ്ഷൻ വരെയുള്ള പ്രദേശമാണ് പരിശോധന നടത്തിയത്. കെ.ആർ.എഫ്.ബി അസി. എക്സിക്യുട്ടീവ് എൻജിനീയർ സി.വിനോദ്, അസി. എൻജിനീയർ സുർജിത്ത്, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ കെ.രാജേഷ്, കെ.ആർ.എഫ്.ബി പ്രൊജക്ട് എൻജിനീയർമാരായ വൈശാഖ്, പ്രസാദ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

പരിശോധനയ്ക്ക് ശേഷം നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി.പി.സമീജ്, വി.ടി.സാദിക്ക് ഹുസൈൻ, പി.വിഷ്ണു, വി.വിനോദ് എന്നിവർ പങ്കെടുത്തു. നഗര വികസനത്തിനാവശ്യമായ 95 ശതമാനത്തോളം ഭൂമിയും നിലവിൽ ലഭ്യമാണെന്ന് സംഘം അറിയിച്ചു. മേയ് പത്തിനകം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി നേടുന്നതിനായി സമർപ്പിക്കുമെന്നും ആഗസ്റ്റിൽ നിർമ്മാണം ആരംഭിക്കാനാകുമെന്നും കെ.ആർ.എഫ്.ബി അസി. എക്സിക്യുട്ടീവ് എൻജിനീയർ സി.വിനോദ് അറിയിച്ചു.

ടൗണിൽ നഗരസഭ മുതൽ പഴയ പെട്രോൾ പമ്പുവരെ നാലുവരിപാത, ഇരുവശങ്ങളിലും അഴുക്കുചാൽ, നടപ്പാത, സ്ട്രീറ്റ് ലൈറ്റുകൾ, റോഡ് മുറിച്ചു കടക്കാൻ ഫ്‌ളൈ ഓവർ എന്നിവയാണ് നഗര വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. പദ്ധതി ചെർപ്പുളശ്ശേരി നഗരത്തിന്റെ മുഖഛായ മാറ്റും. സെപ്തംബർ മുതൽ വികസന പ്രവർത്തികൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പി.രാമചന്ദ്രൻ, നഗരസഭ ചെയർമാൻ .

Advertisement
Advertisement