മാമ്പഴ മേളയ്ക്ക് തുടക്കം ഒന്നും രണ്ടുമല്ല, 30 തരം

Friday 29 April 2022 12:02 AM IST
കോഴിക്കോട് ഗാന്ധി പാർക്കിൽ ആരംഭിച്ച മാമ്പഴ പ്രദർശന-വിൽപ്പന മേളയിൽ നിന്ന്.

കോഴിക്കോട്: മാമ്പഴ പ്രദർശനത്തിൽ കുഞ്ഞനെങ്കിലും താരം ചക്കരക്കുട്ടിയാണ്. കടിച്ചാൽ

തേനൂറും നാടൻ മാങ്ങ. ഒരു കിലോ വാങ്ങിയാൽ സഞ്ചി നിറയെ കൊണ്ടുപോകാം. പക്ഷേ, വലുപ്പത്തിൽ ഖുദാദത്താണ് കേമൻ. ഒരു കിലോവിൽ ഏറിയാൽ ഒന്നോ രണ്ടോ എണ്ണം. അൽഫോൻസ, ബങ്കനപ്പള്ളി, മൽഗോവ, ബംഗളോറ, പ്രിയോർ, സുവർണരേഖ, ബനറ്റ്, ചന്ദ്രകാരൻ, അമ്മിണി, ജഹാംഗീർ, ഹിമായുദ്ദീൻ, ഹിമാപസന്ത്, മൂവാണ്ടൻ, നടശ്ശാല, ബനിഷാൻ... അങ്ങനെ പേരിലും രുചിയിലും വ്യത്യസ്തർ ഏറെയുണ്ട് ഗാന്ധി പാർക്കിലെ മാമ്പഴ മേളയിൽ.

കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പാലക്കാട് മുതലമട കർഷക സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന 27ാമത് മാമ്പഴ പ്രദർശനത്തിനാണ് ഇന്നലെ തുടക്കമായത്. മുതലമടയുമായി സഹകരിച്ചുള്ള എട്ടാമത്തെ പ്രദർശനമാണ്. മാർക്കറ്റ് വിലയിൽ നിന്ന് 25 ശതമാനത്തോളം കുറവിലാണ് മാമ്പഴ വിൽപ്പന. ഏതാണ്ട് മുപ്പതോളം ഇനം മേളയിലുണ്ട്. പ്രദർശനത്തോടനുബന്ധിച്ചുള്ള മാമ്പഴ തീറ്റ മത്സരം മേയ് ഒന്നിന് നാല് മണിക്ക് അരങ്ങേറും.

മുതലമടയിൽ മൂവായിരത്തോളം ഹെക്ടറിലാണ് മാമ്പഴ കൃഷി. ആയിരത്തോളം കർഷകരുടെ ഉപജീവനമാർഗം. ഇന്ത്യയിൽ ആദ്യം വിളവെടുക്കാൻ തയ്യാറാവുന്നതാണ് മുതലമടയിലെ മാങ്ങകളുടെ പ്രത്യേകത. പരമ്പരാഗത രീതിയിൽ പഴുപ്പിച്ചാണ് മാങ്ങകൾ വിപണിയിലെത്തിക്കുന്നതെന്ന് മുതലമടയിലെ കർഷക സൊസൈറ്റി പ്രതിനിധിയായ ആർ.രവി പറയുന്നു.
ഗുണമേന്മയുള്ള ഒട്ടുമാവിൻ തൈകൾ, സപ്പോട്ട, പ്ലാവ് എന്നിവയും പ്രദർശനത്തിലുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. മേയ് നാലിന് സമാപിക്കും. പ്രവേശനം സൗജന്യം.

Advertisement
Advertisement