മലിനജലം റോഡിൽ തള്ളി മീൻ വണ്ടികൾ

Friday 29 April 2022 1:22 AM IST

കൊല്ലം: സംഭരണ ടാങ്കുകൾ സ്ഥാപിക്കാതെ മലിനജലം റോഡിലൊഴുക്കി ഇൻസുലേറ്റഡ് വാനുകൾ തലങ്ങും വിലങ്ങും പാഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. നീണ്ടകര, വാടി, അഴീക്കൽ ഹാർബറുകളിൽ നിന്ന് മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളാണ് ദേശീയപാതയടക്കമുള്ള റോഡുകളിൽ മലിനജലം ഒഴുക്കുന്നത്.

മലിനജലം സംഭരണ ടാങ്കുകൾ ശേഖരിച്ച് നിർദ്ദിഷ്ട സ്ഥലങ്ങളിൽ സംസ്കരിക്കണമെന്ന നിയമമാണ് നഗ്‌നമായി ലംഘിക്കുന്നത്. വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നിരിക്കെ മോട്ടോർ വാഹന വകുപ്പ് അധികൃതരും കണ്ണടയ്ക്കുകയാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിൽ ഭൂരിഭാഗം വാഹനങ്ങൾക്കും ഇത്തരം സംവിധാനം നിലവിലില്ല. മത്സ്യവുമായി പോകുന്ന വാഹനങ്ങൾ കൂടുതൽ സമയം പിടിച്ചിടാൻ സാധിക്കില്ലെന്നതിനാൽ ഇവർ വാഹനപരിശോധനയിൽ നിന്ന് രക്ഷപെടുകയാണ് പതിവ്.

പണികിട്ടുന്നത് മറ്റു യാത്രക്കാർക്ക്

1. മലിനജലം തെറിച്ചുവീഴുന്നത് പിന്നാലെ വരുന്ന വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ശരീരത്തിലേക്ക്

2. ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതിനും കാരണമാകും

3. മലിനജലം ഒഴുക്കുന്നത് കൂടുതലും രാത്രിയിലും പുലർച്ചെയും

ടാങ്കില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കാം

വാഹനങ്ങളുടെ സംഭരണ ശേഷി, വലുപ്പം എന്നിവയനുസരിച്ച് 25 ലിറ്റർ മുതലുള്ള ടാങ്കുകൾ സ്ഥാപിക്കണമെന്നതാണ് ചട്ടം. ചിലപ്പോൾ ഒന്നിലധികം ടാങ്കുകൾ സ്ഥാപിക്കേണ്ടിയും വരും. ഇവ സ്ഥാപിക്കാതിരിക്കുന്നതും ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുന്നതും പെർമിറ്റ് റദ്ദ് ചെയ്യുന്നതിന് കാരണമാകാം.

ടാങ്ക് ഇല്ലെങ്കിൽ പിഴ - 3000 - 10000 രൂപ വരെ

(പെർമിറ്റ് അനുസരിച്ച്)

റോഡിൽ മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ട്. പെർമിറ്റ് റദ്ദ് ചെയ്യുന്നതും പിഴയീടക്കുന്നതും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

മോട്ടോർ വാഹന വകുപ്പ് അധികൃതർ

Advertisement
Advertisement