കുറ്റകൃത്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും,​ ലൈസൻസും പോകും,​ കർശന നടപടിയെന്ന് മന്ത്രി ആന്റണി രാജു

Friday 29 April 2022 8:01 PM IST

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ആ വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ മോട്ടർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. എന്നാൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് ഇപ്പോൾ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡിനുപകരം എലഗന്റ് കാർഡുകൾ മേയ് മാസത്തിൽ വിതരണം ചെയ്യും. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത 3 മാസം സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മേയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഇതിനായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യാപക പരിശോധന നടത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ ‘വാഹനീയം’ ആലപ്പുഴ ടൗണ്‍ഹാളില്‍‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Advertisement
Advertisement