സാമ്പത്തികപ്രതിസന്ധിയിൽ വലഞ്ഞ് നേപ്പാളും

Saturday 30 April 2022 12:49 AM IST

ന്യൂഡൽഹി: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതൽശേഖരം ഇടിഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധി. ഇത് മറികടക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാൾ ഗവണ്മെന്റ്. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉത്പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്.

വിദേശ നാണ്യശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെയും പ്രതിസന്ധിയിൽ വീഴ്ത്തിയത്. സമാനമായ പ്രയാസമാണ് നേപ്പാളും നേരിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകൾ, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തി നേപ്പാളിലെ വാണിജ്യകാര്യ മന്ത്രാലയം ഉത്തരവിട്ടു. വിദേശനാണ്യം അവശ്യസാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്രം ചെലവഴിക്കാനാണ് ഈ നിലയിൽ വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് സർക്കാരിന്റെ വിശദീകരണം. കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കുണ്ട്. ഇന്ത്യയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായി.

Advertisement
Advertisement