റംസാന് നോമ്പെടുക്കും, മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല ദർശനവും നടത്തും; മതസൗഹാർദ്ദത്തിന്റെ പുണ്യവുമായി ഈ ആയുർവേദ ഡോക്ടർ

Friday 29 April 2022 9:54 PM IST

പഴയങ്ങാടി:രണ്ട് പതിറ്റാണ്ടിന്റെ നോമ്പെടുക്കൽ പുണ്യവുമായി പരിയാരം ഗവ.ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ.എസ് ഗോപകുമാർ. കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ അദ്ധ്യാപകനായി എത്തിയ റംസാൻ മാസത്തിൽ തന്റെ ശിഷ്യൻമാരെ കണ്ടാണ് നോമ്പെടുപ്പ് തുടങ്ങിയത്.

പരിയാരത്ത് അസി.പ്രഫസാറായിരിക്കെയായിരുന്നു അത്. നോമ്പ് തുറസമയത്ത് ബാങ്ക് വിളി മുഴങ്ങുമ്പോൾ നേരത്തെ തയ്യാറാക്കിയ തരിക്കഞ്ഞി, ഈന്തപ്പഴം, പഴങ്ങൾ, ജ്യൂസ് എന്നിവയുമായി നോമ്പ് മുറിക്കും. രാത്രി എട്ടിനും ഒൻപതിനും മദ്ധ്യേ ചപ്പാത്തിയോ ചോറോ അടങ്ങുന്ന ഭക്ഷണവും പുലർച്ചെ അത്താഴത്തിന് ദോശയോ കഞ്ഞിയോ കഴിക്കും. നോമ്പ് മുറിച്ചാൽ ധാരാളം വെള്ളവും കുടിക്കും. മകൾ അമേയയുടെ പിറവിയും ഒരു നോമ്പുകാലത്താണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ വിനയയും മകളും നോമ്പെടുക്കലിന് പൂർണമായ പിന്തുണ നൽകുന്നു.

2014 ൽ സംസ്ഥാന സർക്കാറിന്റെയും 2016ൽ കേന്ദ്രസർക്കാറിന്റെ മികച്ച ആയുർവേദ അദ്ധ്യാപക അവാർഡ് ജേതാവായിരുന്നു ഇദ്ദേഹം. 2017 ൽ കേന്ദ്ര ആയുർവേദ കൗൺസിലിന്റെ ആചാര്യ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. ആരോഗ്യ സർവകലാശാലയുടെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള 2020 ലെ അവാർഡ് ലഭിച്ച ഡോ.ഗോപകുമാർ പഠനകാലത്ത് കേരള സർവകലാശാല കലാപ്രതിഭയുമായിരുന്നു. കവി, ഗാനരചയിതാവ്, പ്രഭാഷകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. ജനറൽ മെഡിസിൻ, പതോളജി എന്നിവയിൽ എം.ഡി ബിരുദധാരിയാണ്.

ശ്രീകണ്ഠൻനായർ കൃഷ്ണകുമാരിയമ്മ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം പട്ടം ആദർശ് നഗറിലാണ് താമസം. നോമ്പെടുക്കൽ മനസിനും ശരീരത്തിനും നൽകുന്ന അനുഭൂതി വിവരണാതീതമാണെന്നും ജീവിതാവസാനം വരെ തുടരണമെന്നാണ് ആഗ്രഹമെന്നും ഡോ.ഗോപകുമാർ പറഞ്ഞു. ഇരുപതുവർഷമായി മുടങ്ങാതെ വ്രതമെടുത്ത് ശബരിമല ദർശനം നടത്തിവരികയാണ് ഇദ്ദേഹം.