നിയമസഭയിലേക്ക് മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവിൽ നിന്ന്: കെ. മുരളീധരൻ

Friday 29 April 2022 9:57 PM IST

തിരുവനന്തപുരം: നിയമസഭയിലേക്ക് ഇനി താൻ മത്സരിക്കുകയാണെങ്കിൽ അത് വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും. വടകരയിൽ മത്സരിക്കാൻ പറഞ്ഞാൽ അവിടെ സ്ഥാനാർത്ഥിയാകും. ലോക്‌സഭയിൽ മത്സരിച്ചാൽ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങില്ല. കെ. മുരളീധരൻ ആയിട്ട് ഒരു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് വഴിയുണ്ടാക്കില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പി.ടി. തോമസിന്റെ കുടുംബത്തിൽ നിന്നാകുമോയെന്ന ചോദ്യത്തിന്, സ്ഥാനാർത്ഥിയാരെന്ന് പാർട്ടി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു മറുപടി. തൃക്കാക്കരയിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി കുറഞ്ഞത് പതിനയ്യായിരം വോട്ടിന് വിജയിക്കും. യു.ഡി.എഫ് അനുകൂല തരംഗമാണ് കേരളത്തിൽ.

 ആന്റണിയുടെ മടങ്ങിവരവ്

കരുത്തുപകരും

എ.കെ. ആന്റണി കേരളത്തിലേക്ക് മടങ്ങിയെത്തിയത് പാർട്ടിക്ക് മുമ്പില്ലാത്ത വിധത്തിൽ കരുത്ത് പകരും. കോൺഗ്രസ് അംഗത്വവിതരണത്തിൽ ചില പ്രശ്നങ്ങളുണ്ടായി എന്നത് യാഥാർത്ഥ്യമാണ്. 21ലക്ഷം പേർ ഡിജിറ്റൽ അംഗത്വമെടുത്തതായാണ് അന്തിമ കണക്ക്. ഇതിൽ വ്യാജന്മാരില്ല. കെ.വി. തോമസിനെതിരായ അച്ചടക്കനടപടി മികച്ച തീരുമാനമാണ്. കോൺഗ്രസിൽ തുടരണമെന്ന് തോമസ് അഭ്യർത്ഥിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം. ഇത്രയും അവസരങ്ങൾ പാർട്ടി അദ്ദേഹത്തിന് നൽകിയല്ലോയെന്നും മുരളീധരൻ പറഞ്ഞു.

Advertisement
Advertisement