തൃക്കാക്കരയിൽ ഉമ തോമസ് മത്സരിക്കുമെന്ന് വീണ്ടും അഭ്യൂഹം

Saturday 30 April 2022 12:09 AM IST

കൊച്ചി: അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തം. ഇന്നലെ പൊതുപരിപാടിയിൽ പങ്കെടുത്ത ഉമ, സ്ഥാനാർത്ഥിയെ തീരുമാനിക്കുക പാർട്ടിയും ഹൈക്കമാൻഡുമല്ലേയെന്ന് പ്രതികരിച്ചത് ചർച്ചയായി.

ആക്രമിക്കപ്പെട്ട യുവനടിക്ക് നീതിവൈകുന്നതിൽ പ്രതിഷേധിച്ച് നടൻ രവീന്ദ്രൻ നടത്തിയ ഉപവാസം ഉമ തോമസാണ് ഉദ്ഘാടനം ചെയ്തത്. ഫ്രണ്ട്സ് ഒഫ് പി.ടി. തോമസ് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് രാജേന്ദ്രമൈതാനിക്ക് സമീപത്തെ ഗാന്ധിപ്രതിമയുടെ മുമ്പിൽ പരിപാടി സംഘടിപ്പിച്ചത്.

ഉമ തോമസ് മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെ സന്ദർശിച്ചെങ്കിലും മത്സരിക്കാൻ ഉമ സന്നദ്ധത അറിയിച്ചിരുന്നില്ല. സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് പാർട്ടിയാണെന്ന പ്രതികരണം സന്നദ്ധതയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഉമ തോമസ് വിസമ്മതിച്ചാലേ മറ്റാരെയെങ്കിലും നിശ്ചയിക്കൂവെന്നാണ് സൂചന.

തൃക്കാക്കരയിൽ പി.ടി. തോമസിന് ശക്തമായ പിൻഗാമി വേണമെന്ന് യു.ഡി.എഫ് ഘടകകക്ഷികൾക്കും താത്പര്യമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാമെങ്കിലും മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ കോൺഗ്രസിലും ചർച്ചകൾ മുറുകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ സ്ഥാനാർത്ഥിനിർണയം പ്രശ്നമാവില്ലെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു.

വികസനത്തിനൊപ്പമെന്ന് കെ.വി. തോമസ്

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്ന പ്രൊഫ. കെ.വി. തോമസിന്റെ പ്രസ്താവനയും ചർച്ചയായി. കെ- റെയിൽ ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാർ പദ്ധതികളെ അനുകൂലിച്ച കെ.വി. തോമസ് ഇടത്തോട്ട് കൂടുതൽ ചായുന്നതിന്റെ തെളിവായി കോൺഗ്രസ് ഇതിനെ വിലയിരുത്തുന്നുണ്ട്. കെ.വി. തോമസ് തൃക്കാക്കരയിൽ ഇടത് അനുകൂല പ്രചാരണത്തിന് ഇറങ്ങുമോയെന്ന ആകാംക്ഷയും മുറുകി.

പറയാറായിട്ടില്ല

"തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചർച്ചയാരംഭിച്ചിട്ടുണ്ട്. ജില്ലയിലെ നിരവധിപേരെ സ്ഥാനാർത്ഥിയാകാൻ പരിഗണിക്കുന്നുണ്ട്. ആരെന്ന് ഇപ്പോൾ പറയാനാകില്ല."

വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ്

തോമസിനെതിരെ ഉചിതമായ നടപടി
"തൃക്കാക്കരയിൽ വികസനരാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നത് കെ.വി. തോമസിന്റെ നിലപാടാണ്. അദ്ദേഹത്തിനെതിരെ ഉചിതമായ നടപടി വേണമെന്നേ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നുള്ളു. അദ്ദേഹം പാർട്ടിയിൽ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടില്ല. ഹൈക്കമാൻഡ് തീരുമാനിക്കുമെന്നേ പറഞ്ഞിട്ടുള്ളു."

കെ. സുധാകരൻ

കെ.പി.സി.സി പ്രസിഡന്റ്

Advertisement
Advertisement