ഗുരുദർശനത്തെ പ്രധാനമന്ത്രി തിരസ്കരിച്ചു: കോടിയേരി

Saturday 30 April 2022 3:04 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നത് നല്ലതാണെങ്കിലും അതിനുള്ള അവസരം ഗുരുദർശനത്തെയും നിലപാടുകളെയും തിരസ്കരിക്കാനും സംഘപരിവാറിന്റെ കാവിവർണ്ണ ആശയങ്ങൾ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീനാരായണഗുരുദേവനുമായി ബന്ധപ്പെട്ട രണ്ട് ആഘോഷങ്ങൾ ഡൽഹിയിൽ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി വിമർശിക്കുന്നതാണ് സി.പി.എം മുഖപത്രത്തിലെ കുറിപ്പ്.

മനുഷ്യത്വമെന്ന ജാതി മാത്രമേയുള്ളൂ എന്നു ചൂണ്ടിക്കാട്ടിയ മഹാനാണ് ഗുരു. ഇപ്രകാരമുള്ള കാഴ്ചപ്പാട് മുറുകെപ്പിടിച്ച ഗുരുവും ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുവേണ്ടി ഭരണചക്രം തിരിക്കുന്ന മോദിയുടെ ഭരണവാഴ്ചയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള സാമ്യമേയുള്ളൂ. എല്ലാവരും സോദരത്വേന വാഴുന്ന നാടിന് വേണ്ടിയാണ് ഗുരു ശബ്ദിച്ചത്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കിൽ ജഹാംഗീർപുരിയിൽ മുസ്ലിംവേട്ട നടത്തിയ ബുൾഡോസർരാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്.
ഈ വർഷം അവസാനം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബുൾഡോസർരാജ് അരങ്ങേറുകയാണിപ്പോൾ. രാമന്റെയും ഹനുമാന്റെയും പേരിലെന്ന പോലെ ശ്രീനാരായണ ഗുരുവിന്റെ പേരും ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വർഗ്ഗീയ ലഹളയ്ക്കാണോ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത്. വാരാണസിയിലെ കാശി ശിവനഗരംപോലെയാണ് വർക്കലയിലെ ശിവഗിരി എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തിലും കല്ലുകടിയുണ്ട്. വാരാണസിയിൽ ശിവനെ ഉണർത്താൻ പതിവായി ഷഹ്‌നായ് കച്ചേരി നടത്തിയ ബിസ്മില്ലാ ഖാൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് ടിക്കറ്റു കൊടുത്തവരാണ് കാവിപ്പട. അതുപോലെ വർഗ്ഗീയപ്പകയുടെ കേന്ദ്രമാക്കി ശിവഗിരിയെ തരംതാഴ്ത്താൻ മോദിയല്ല ഏതു വർഗ്ഗീയ ഭരണാധികാരി വിചാരിച്ചാലും ഇടതുമുന്നണി ഭരണമുള്ള മതനിരപേക്ഷ കേരളം സമ്മതിക്കില്ല.
ശ്രീനാരായണഗുരുവിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ വിലയിരുത്തലുകൾ ചരിത്രനിഷേധവും അസംബന്ധവുമാണ്. ഭരണഘടനയുടെ സത്തയെ പൊതുവിൽ ദുർബ്ബലപ്പെടുത്തുകയാണ് മോദി ഭരണവും സംഘപരിവാറുമെന്നും കോടിയേരി കുറ്റപ്പെടുത്തി.

Advertisement
Advertisement