അതിരാവിലെയുള്ള ചെറു വ്യായാമം, കുളി കഴിഞ്ഞ് കുടുംബത്തിനൊപ്പം ഭക്ഷണം; കാണാൻ വന്നെത്തിയ ഓരോരുത്തരോടും സ്നേഹവർത്തമാനം; വഴുതക്കാട്ടെ വീട്ടിലും ഡൽഹിയിലെ പതിവ് തെറ്റിക്കാതെ ആന്റണി

Saturday 30 April 2022 11:08 AM IST

തിരുവനന്തപുരം:ഡൽഹിയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് എത്തിയ എ.കെ ആന്റണി ആദ്യ ദിനം കൂടുതലും ചെലവഴിച്ചത് വീട്ടിൽ തന്നെ. പതിവ് വ്യായാമങ്ങൾക്കും ആഹാരത്തിനും ശേഷം വൈകിട്ട് വരെ തന്നെ കാണാൻ എത്തിയ പാർട്ടി പ്രവർത്തരോട് സംസാരിക്കുന്ന തിരക്കിലായിരുന്നു.

വഴുതക്കാട് 'അഞ്ജന'ത്തിൽ രാവിലെ മുതൽ വൈകിട്ട് അഞ്ച് വരെ അദ്ദേഹത്തെ കാണാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ,കെഎ‌സ്‌യു നേതാക്കൾ എത്തിയിരുന്നു. എല്ലാവരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വൈകിട്ട് അഞ്ചിന് ഇന്ദിരാ ഭവനിൽ എത്തിയ അദ്ദേഹത്തെ കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ സ്വീകരിച്ചു.

താഴത്തെ നിലയിൽ അദ്ദേഹത്തിനായി ഒരു ഓഫീസ് മുറിയുണ്ട്. വൈകിട്ട് ഏഴ് വരെ അവിടെ എത്തിയ നേതാക്കളോടും വിശേഷങ്ങൾ പങ്ക് വച്ചു.കൊവിഡാനാന്തര ബുദ്ധിമുട്ടുള്ളതിനാൽ ജൂലൈ വരെ വിശ്രമമായിരിക്കുമെന്നും പരിപാടികളിൽ പങ്കെടുക്കില്ലെന്നും നേരത്തേ അറിയിച്ചിരുന്നു. ജൂലൈ വരെ വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ കെപിസിസി ഓഫീസിൽ അദ്ദേഹം ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.