വിദേശത്തെ പഠനം മുടങ്ങിയവർക്ക് ക്ളിനിക്കൽ പരിശീലനം ഇന്ത്യയിൽ നടത്താം,​ മെഡിക്കൽ കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം

Sunday 01 May 2022 1:45 AM IST

യുക്രെയിനിലും ചൈനയിലും പരിശീലനം
മുടങ്ങിയ മെഡി. വിദ്യാർത്ഥികൾക്ക് അവസരം

ന്യൂഡൽഹി: അവസാനവർഷ ക്ലിനിക്കൽ പരിശീലനം നടത്താനാവാതെ ചൈന,​ യുക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തിരിച്ചുപോന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ക്ളിനിക്കൽ പരിശീലനം നൽകാൻ മെഡിക്കൽ കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം. രണ്ടു മാസത്തിനകം പദ്ധതിക്ക് രൂപം നൽകണം.

ക്ളിനിക്കൽ പരിശീലനം ലഭിക്കാത്തവർക്ക് പ്രൊഫഷണൽ രജിസ്ട്രേഷൻ നൽകുന്നത് പൗരൻമാരുടെ ആരോഗ്യത്തെയും ആരോഗ്യമേഖലയെ മൊത്തത്തിലും ബാധിക്കുമെന്ന് ജസ്റ്റിസ്‌മാരായ ഹേമന്ത് ഗുപ്‌തയും വി. രാമസുബ്രഹ്‌മണ്യനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പരിശീലനം നൽകാൻ കഴിയുന്ന മെഡിക്കൽ കോളേജുകൾ, കാലാവധി, ചെലവ് തുടങ്ങിയ കാര്യങ്ങൾ മെഡിക്കൽ കമ്മിഷൻ തീരുമാനിക്കണം. ഇന്റേൺഷിപ്പ് യോഗ്യത നിശ്ചയിക്കാൻ ടെസ്റ്റ് നടത്താമെന്നും കോടതി വ്യക്തമാക്കി.

ഒാൺലൈനിൽ ചൈനയിൽ നിന്ന് ക്ളിനിക്കൽ പരിശീലനം നേടി എം.ബി.ബി.എസ് ബിരുദം ലഭിച്ച വിദ്യാർത്ഥിനിക്ക് പ്രൊഫഷണൽ രജിസ്ട്രേഷൻ മെഡിക്കൽ കമ്മിഷൻ നിഷേധിച്ചിരുന്നു. ഇതു റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ മെഡിക്കൽ കമ്മിഷൻ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.

വിദേശത്ത് അതത് രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയാണ് ലഭിക്കുന്നത്. തിരിച്ചു വരുന്ന വിദ്യാർത്ഥികൾക്ക് പ്രാക്‌ടിക്കൽ പരിശീലനം നേടാതെ ഇന്ത്യയിൽ ചികിത്സിക്കാൻ പറ്റില്ല. അതിനാൽ വിദ്യാർത്ഥിനിക്ക് രജിസ്ട്രേഷൻ നിഷേധിച്ചത് തെറ്റല്ല. വിദേശത്ത് പഠിക്കുന്നവരുടെ ഭാവിയും മാനവശേഷിയും നഷ്‌ടപ്പെടുത്തിക്കൂടാ. ഇന്ത്യയിലെ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അവരുടെ സേവനം ഉപയോഗപ്പെടുത്തണം.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിറുത്തി, വിദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ താത്പര്യം പരിഗണിക്കുമെന്ന മെഡിക്കൽ കമ്മിഷന്റെ ഉറപ്പ് കോടതി ശരിവച്ചു.

വിദ്യാർത്ഥിനിക്ക് വിദേശ സർവകലാശാലയിൽ തിരികെ പോയി ക്ളിനിക്കൽ പരിശീലനം നടത്തുക അസാദ്ധ്യമായതിനാൽ രണ്ടു മാസത്തെ ക്ളിനിക്കൽ പരിശീലനം അടക്കം 14 മാസത്തെ ഇന്റേൺഷിപ്പ് ഇന്ത്യയിൽ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശവും സുപ്രീംകോടതി റദ്ദാക്കി. പരിശീലന കാലാവധി തീരുമാനിക്കേണ്ടത് മെഡിക്കൽ കമ്മിഷനാണ്.

ചൈനയിലേക്ക് മടങ്ങുന്നവർ

ചൈനയിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളുടെ വിവരം ശേഖരിക്കാൻ ബീജിംഗിലെ ഇന്ത്യൻ എംബസി നടപടി തുടങ്ങി. ഇവർക്ക് ഗൂഗി​ൾ ഫോം പൂരി​പ്പി​ക്കാനും മറ്റും ഫോറി​ൻ മെഡി​ക്കൽ ഗ്രാജുവേറ്റ്‌സ് പേരന്റ്സ് അസോസി​യേഷൻ സഹായം നൽകുന്നുണ്ട്.

Advertisement
Advertisement