ഡി.വൈ.എഫ്.ഐ കൃഷിയിലേക്ക്,​ സംസ്ഥാന സമ്മേളനത്തിൽ രൂപരേഖ തയ്യാറായി

Sunday 01 May 2022 1:45 AM IST

പത്തനംതിട്ട: കൃഷി,​ ശാസ്ത്ര മേഖലകളിൽ സജീവമാകാൻ സംസ്ഥാന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ രൂപരേഖ തയ്യാറാക്കി. കാർഷിക മേഖലയോട് യുവാക്കൾക്കുള്ള വിമുഖതയകറ്റാൻ 'മോർണിംഗ് ഫാം" എന്ന പരിപാടിയാണ് നടപ്പാക്കുന്നത്. മലപ്പുറത്ത് നടപ്പാക്കിയ പദ്ധതി വിജയകരമായതിനെ തുടർന്ന് മറ്റ് ജില്ലാ കമ്മിറ്റികളും ഇതേറ്റെടുക്കും.

യുവാക്കളെ അന്ധവിശ്വാസങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ശാസ്ത്രാവബോധം വളർത്തും. മേഖലാകേന്ദ്രങ്ങളിൽ സയൻസ് ക്ളബുകൾ രൂപീകരിക്കും. ശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിക്കും.

നിർദ്ധനരെ കണ്ടെത്തി വീട് വച്ചുകൊടുക്കും. മലപ്പുറം ജില്ലാ കമ്മറ്റിയുടെ സ്നേഹപൂർവം പദ്ധതിയിൽ ഒരു ബ്ളോക്കിൽ ഒരു വീട് എന്ന ആശയം വിപുലീകരിക്കും രക്തദാനം, നേത്രദാനം, അവയവദാനം, ആംബുലൻസ് സർവീസ് എന്നിവയ്ക്ക് ഏതു സമയത്തും ആശ്രയിക്കാവുന്നതിന് തിരുവനന്തപുരത്തെ 'റെഡ് കെയർ" മാതൃകയിൽ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങും. പ്രളയത്തിലും കൊവിഡിലും മാതൃകയായ യൂത്ത് ബ്രിഗേഡിന് ശാസ്ത്രീയ പരിശീലനം നൽകും. സർക്കാർ ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തുടരും.

'യുവജനതയെ സമസ്ത മേഖലകളിലും ശാക്തീകരിക്കാനും മതേതര കാഴ്ചപ്പാടുകളിൽ ഉറപ്പിച്ചുനിറുത്താനുമുള്ള കർമ്മ പരിപാടികൾ നടപ്പാക്കും".

- വി.കെ. സനോജ് ,

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

Advertisement
Advertisement