മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു ദുരിതംവിതച്ച് വേനൽമഴ

Sunday 01 May 2022 12:03 AM IST
കോഴിക്കോട് കുണ്ടായിത്തോട് തോട്ടാംകൂനി ശ്രീമതിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടും സമീപത്തെ മകന്റെ തയ്യൽ കടയും തകർന്ന നിലയിൽ

കോഴിക്കോട്: കടുത്ത ചൂടിന് ആശ്വാസമായെങ്കിലും വേനൽ മഴ നൽകിയത് സങ്കട കണ്ണീർ. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാറ്റും മഴയും ജില്ലയിൽ വ്യാപക നാശം വിതച്ചു. നിരവധി വീടുകളും വാഹനങ്ങളും മരംവീണ് തകർന്നു. ആളപായമില്ല. ജില്ലയിലങ്ങോളം വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ ഉച്ചയോടെയാണ് മിക്കയിടങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. നല്ലളത്തെ പത്ത് ഫീഡറുകളിൽ ഏഴെണ്ണവും തകരാറിലായി.
വെസ്റ്റ്ഹിൽ കനകാലയ ബാങ്കിനു സമീപം വീടിനുമുകളിൽ മരംവീണ് ഗൃഹനാഥന് പരുക്കേറ്റു. വീടിനുള്ളിൽ കുടുങ്ങിയ ശിവപ്രകാശിനെ നാട്ടുകാരും ഫയർഫോഴ്‌സുമാണ് പുറത്തെത്തിച്ചത്. ഗാന്ധി റോഡിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് മുകളിൽ മരം കടപുഴകി വീണു. ചെലവൂർ എഴുന്ന മണ്ണിൽ ഗംഗാധരന്റെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. വീടിന് മുന്നിൽ നിറുത്തിയിട്ട കാറും സ്‌കൂട്ടറും പൂർണമായും തകർന്നു. വാർഡ് കൗൺസിലർ സി.എം.ജംഷീർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.

വേങ്ങേരി കരുവിശ്ശേരി തിരുത്തിയിൽ ക്ഷേത്രത്തിന് സമീപം ചിറ്റേനിപ്പാട്ട് പറമ്പ് മീനാക്ഷി, വിമല നരിക്കുനി താഴം, റീന കൊന്നക്കൽ, ബാലരാമൻ വെള്ളാങ്കുർ, വിജീ വെള്ളാങ്കൂർ, കുണ്ടായിത്തോട് ആമാങ്കുനിവയൽ സരസ്വതി എന്നിവരുടെ വീടിന് മരം വീണ് കേടുപാടുകൾ സംഭവിച്ചു. കുണ്ടായിത്തോട് തോട്ടാംകൂനി ശ്രീമതിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടും തൊട്ടടുത്ത മകന്റെ തൈയ്യൽകടയും തകർന്നു. സംഭവ സമയത്ത് തയ്യൽ ജോലിയിലായിരുന്ന ബിനോയ് നലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അത്തോളിയിൽ കൊങ്ങന്നൂർ വടക്കെ പുരയിൽ ബിന്ദു നിവാസിൽ മുത്തുകുമാറിന്റെ വീടിനോട് ചേർന്ന അടുക്കള പുരയിലേക്ക് തെങ്ങു വീണു. മേൽക്കൂര പൂർണമായും തകർന്നു. കുടക്കല്ല് തെക്കുംപുറത്ത് ദേവി അമ്മയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. കുനിയിൽ കടവ്, എലിയോട് മല തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം താറുമാറായി.

ഒളവണ്ണ കുന്നത്ത് പാടത്ത് റോഡിന് കുറുകെ തെങ്ങ് വീണു. മീഞ്ചന്തയിൽ നിന്ന് അഗ്നിശമന സേനയെത്തി മുറിച്ച് മാറ്റി. ചെലവൂർ, കോഴിക്കോട് കോർപ്പറേഷനിലെ ഗ്രീൻ നഗർ, കരുവിശേരി, മലാപ്പറമ്പ് ഹൗസിംഗ് കോളനിയ്ക്ക് സമീപം, മലാപ്പറമ്പ് വാർ‌ഡ് 14, മധുരവനം, കാരപ്പറമ്പ്, കളക്ടറേറ്റ് വളപ്പ്, സിവിൽ സ്റ്റേഷൻ ശങ്കുമാസ്റ്റർ റോഡ് എന്നിവിടങ്ങളിൽ റോഡിന് കുറുകെ മരം വീണു. ഗാന്ധി റോഡ് പാലത്തിൽ കാറിനും ഗുഡ്സ് വാഹനത്തിനും മുകളിലേയ്ക്ക് മരം വീണു. ഗതാഗതം ഏറെനേരം തടസപ്പെട്ടു. കോഴിക്കോട് സിറ്റി മേഖലയിൽ മാത്രം മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 12 സ്ഥലങ്ങളിലാണ് ബീച്ച് അഗ്നി സേനാംഗങ്ങളെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. എലത്തൂർ പുതിയങ്ങാടി കോയ റോഡിൽ തെങ്ങ് വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മൊകവൂർ ഭാഗങ്ങളിലും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. വടകര പുതിയ ബസ്‌സ്റ്റാൻഡിന് സമീപവും പുതുപ്പണത്തും മാങ്കാവും തെങ്ങിന് മിന്നലേറ്റ് തീപിടിച്ചു. വാഴ തുടങ്ങിയ കൃഷികളും നശിച്ചു. കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയും മിന്നലോടും കൂടിയായിരുന്നു മഴ. വരിട്ട്യാക്ക്, കാരന്തൂർ, പിലാശ്ശേരി, പതിമംഗലം, പടനിലം എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിനാശമുണ്ടായി.

ചേളന്നൂരിലും വ്യാപകമായ കൃഷി നശിച്ചു. മരങ്ങൾ കടപുഴകി ഇലക്ടിക്ക് പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണം പൂർണമായും നിലച്ചു. കണ്ണങ്കര, പുതിയിടത്തുതാഴം, പട്ടർപാലം, അമ്പലത്ത് കുളങ്ങര, കുമാരസ്വാമി ഇരുവള്ളൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 100 കണക്കിന് നേന്ത്രവാഴകളാണ് ഒടിഞ്ഞു വീണത്. ചേളന്നൂർ വെൽഫെയർ സ്കൂളിന് സമീപം പുതിയോത്ത് സൂര്യനാരായണന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിന് വിള്ളലുണ്ടായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് സ്ഥലം സന്ദർശിച്ചു. പതിനേഴാം വാർഡ് എഴേ ആറ് - ചെലപ്രം ചെട്ട്യാറമ്പത്ത് താഴത്ത് റോഡിലേക്ക് തെങ്ങ് വീണ് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു. നാട്ടുകാർ തെങ്ങ് മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Advertisement
Advertisement