ഭാവിയിലെ പാടങ്ങളിൽ ഡിജിറ്റൽ കൃഷി

Sunday 01 May 2022 12:11 AM IST

ഇന്ന് മേയ് ഒന്ന്, അന്താരാഷ്ട്ര തൊഴിലാളി ദിനം. 1886 മേയ് ഒന്നിന് അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ നടന്ന വെടിവയ്പും ബോംബാക്രമണവും അതിനുശേഷം നടന്ന കോടതി വിചാരണകളുമാണ് ഹേയ് മാർക്കറ്റ് (വൈക്കോൽ കമ്പോളം) കൂട്ടക്കൊല. ഷിക്കാഗോയിലെ പ്രമുഖ പത്രങ്ങളെല്ലാം ജർമ്മനിയിൽ നിന്നും ബൊഹീമയിൽ നിന്നും എത്തിയിരുന്ന കുടിയേറ്റ തൊഴിലാളികളെ പിന്തുണച്ചിരുന്നു. ഒപ്പം ജോർജ് ബെർണാർഡ് ഷായും ഓസ്കാർ വൈൽഡും. ഇതിന്റെ തുടർച്ചയായി 1889 ലെ മാർക്സിസ്റ്റ് ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് തൊഴിലാളി ദിനമായി മേയ് ഒന്ന് തിരഞ്ഞെടുത്തു. ഒരു ദിവസം എട്ട് മണിക്കൂർ മാത്രം പണിയെടുത്താൽ മതിയെന്ന് തൊഴിലാളികൾ തീരുമാനിച്ചു.

എന്നാൽ എത്ര മണിക്കൂർ വേണമെങ്കിലും പണിയെടുക്കാൻ തയ്യാറായി നിൽക്കുകയാണ് ആധുനിക സാങ്കേതിക വിദ്യയിലെ തൊഴിലാളികളായ റോബോട്ടും ഡ്രാഗണുകളും ഉപഗ്രഹങ്ങളും ഇവയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകളും. നിലവിൽ കൃഷിക്ക് ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ വളരെ ലളിതമാണെന്ന് തോന്നും വരാനിരിക്കുന്ന ട്രാക്ടറുകളെ അറി​യുമ്പോൾ. മുൻകൂട്ടി നിശ്ചയിച്ച ഒരു പ്രോഗ്രാമിനെ ആശ്രയിക്കാതെ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ നിർദ്ദേശപ്രകാരം കൃത്രിമ ന്യൂറൽ നെറ്റ് വർക്കിലൂടെ പ്രവർത്തിക്കുന്ന ബുദ്ധിശക്തിയുള്ള ട്രാക്ടറുകളായിരിക്കും കൃഷിസ്ഥലത്ത് ഉപയോഗിക്കുക. ഇത്തരം ട്രാക്ടറുകൾക്ക് മുന്നിലുള്ള ഭൂപ്രദേശം കാണാം. ഒരു കൃഷിസ്ഥലത്തു കൂടി സഞ്ചരിക്കുമ്പോൾ, പണ്ട് അതിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അത് ഓർമ്മ വരും. വഴി തിരിച്ചറിയാനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അതിന് 10 സെക്കൻഡി​നുള്ളിൽ പരിഹാരം കാണാനും കഴിയുന്നവയായിരിക്കും. ഒരു മടിയുമില്ലാതെ 10 മുതൽ 12 മണിക്കൂർ വരെ പണി യെടുക്കാൻ മനസും ഉണ്ടാവും. കുറഞ്ഞ സമയംകൊണ്ട് ഏക്കറുകണക്കിന് സ്ഥലത്ത് വിത്ത് വിതയ്ക്കാനും, നട്ടുപിടിപ്പിക്കാനും സമയമാകുമ്പോൾ വിളവെടുക്കാനും ഇവയ്ക്ക് കഴിയും. ഇടയ്ക്കിടയ്ക്ക് ഡ്രോണും എത്തും സഹായിക്കാൻ. ജലസേചനം നടത്താനും വളപ്രയോഗത്തിനും കാലാവസ്ഥ നിരീക്ഷിക്കാനും മുൻപിശകുകൾ തിരുത്താനും ഉപഗ്രഹങ്ങളും ഇവരോടൊപ്പം ചേർന്ന് ഉത്പാദനം മെച്ചപ്പെടുത്തും. ഇംഗ്ലണ്ടിലെ ഹാർപ്പർ ആഡംസ് യൂണിവേഴ്സിറ്റി ഇത് പരീക്ഷിച്ചുകഴി​ഞ്ഞു, പലവട്ടം.

 കർഷകനൊപ്പം നിൽക്കും

ട്രാക്ടറുകൾക്ക് പുറമേ ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ശരിയായ കാശ് മാത്രം ചെലവാക്കി ശരിയായ കൃഷികൾ ചെയ്യുന്ന യന്ത്രങ്ങൾ ഡിജിറ്റൽ കൃഷിയിൽ ഏർപ്പെടും. പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിക്കുകയും വിളവെടുക്കുകയും ചെയ്യും ഈ യന്ത്രങ്ങൾ. സമയപരിധി നോക്കാതെ വിളകളുടെ ആരോഗ്യം റിമോട്ട് സെൻസറിലൂടെ കർഷകന് മനസി​ലാക്കാൻ കഴിയും. വളരുന്ന വിളകളുടെ സമ്പൂർണ വിവരങ്ങൾ കർഷകന് പറഞ്ഞുകൊടുക്കാൻ ഉപഗ്രഹങ്ങളും സഹായത്തിനെത്തും. കളനിയന്ത്രണത്തിനും വളം, വെള്ളം തുടങ്ങിയവ തളിക്കാനും പ്രയോഗിക്കാനും ഡ്രോണുമെത്തും. വർദ്ധിച്ച താപനില, മഴയുടെ രീതികളിലെ മാറ്റങ്ങൾ, ജലലഭ്യതക്കുറവ്, കാലാവസ്ഥ വ്യതിയാനങ്ങൾ തുടങ്ങിയവയെല്ലാം കണക്കിലെടുത്തായിരിക്കും ഇവയുടെ കൂട്ടായ പ്രവർത്തനം. ഇതിനെയാണ് ഡിജിറ്റൽ കൃഷി എന്നു വിളിക്കുന്നത്. ഭാവിയിൽ മേയ് ഒന്നിനെ പോലെ മറ്റൊരു ദിനവും വരാം; ഡിജിറ്റൽ ഡ്രാഗൺ റോബോട്ടിക് ദിനം.

(ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കൃഷിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ഞായറാഴ്ച)

ഡോ. വിവേകാനന്ദൻ പി. കടവൂർ

Advertisement
Advertisement