 സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കണ്ടൽക്കാടുകൾ മണ്ണിട്ട് മൂടുന്നു

Sunday 01 May 2022 12:13 AM IST
കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ച് മണ്ണിട്ടനിലയിൽ

കോഴിക്കോട്: വനംവകുപ്പ് തടഞ്ഞിട്ടും എലത്തൂർ ചെട്ടികുളം അരോത്തുകുഴി ഭാഗത്ത് കണ്ടൽക്കാടുകളിൽ മണ്ണിടുന്നത് വ്യാപകം. സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് കണ്ടൽക്കാടുകൾ നശിപ്പിച്ച് തണ്ണീർത്തടങ്ങൾ നികത്തുന്നത്. ഇതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 23ന് വിജിലൻസ് പരിശോധിച്ചിരുന്നു. 28ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. എന്നാൽ പിറ്റേ ദിവസം തന്നെ മറ്റൊരു വണ്ടിയിൽ അന്യസംസ്ഥാന തൊഴിലാളികളുമായെത്തി കണ്ടൽക്കാടിന് മൂന്ന് മീറ്റർ അകലെ മണ്ണിട്ട് നികത്തുകയായിരുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീടു പണി കഴിഞ്ഞ് വൃത്തിയാക്കുന്നതിൽ ബാക്കി വന്ന മണ്ണ് മാറ്റുന്നുവെന്ന വ്യാജേനയായിരുന്നു മണ്ണിട്ട് നികത്തൽ. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി മണ്ണിടൽ തടഞ്ഞു. മാസത്തിൽ പല തവണയായാണ് മണ്ണിടുന്നത്. തടയുമ്പോൾ നിർത്തിവയ്ക്കും. കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും മണ്ണിടും. ഇതുവരെ 20 സെന്റോളം തണ്ണീർത്തടം നികത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. എതിർക്കുന്നവരോട് 'ഇതുപോലെ തടഞ്ഞവരൊക്കെ ടിപ്പർ കയറി മരിച്ച് പോയിട്ടുണ്ട് ' എന്ന ഭീഷണിയാണ്. അമ്പലപ്പടി വലിയതുരുത്തി നടമ്മേൽ ഭാഗത്തും കണ്ടലുകൾ നശിപ്പിച്ച് തണ്ണീർത്തടം കൈയേറിയിട്ടുണ്ട്. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisement
Advertisement