സന്ദർശകരെ ആകർഷിച്ച് അരുമകളുടെ താരനിര

Sunday 01 May 2022 12:32 AM IST

കൊല്ലം: എന്റെ കേരളം പ്രദർശന വിപണന നഗരിയിൽ സന്ദർശകരുടെ ഹൃദയം കീഴടക്കുകയാണ് അരുമകളുടെ താരനിര. മെക്‌സിക്കൻ ഇഗ്വാനകളും ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് തത്തകളുമാണ് സന്ദർശകർക്ക് ഏറെ പ്രിയങ്കരം.

മൃഗ സംരക്ഷണ വകുപ്പിന്റെ പവലിയനിൽ ഇവരുടെ രസക്കാഴ്ചകൾ കാണാം. മെക്‌സിക്കൻ ഇഗ്വാന പരിരിഭ്രമമില്ലാതെ കൈകളിൽ നിന്ന് തോളിലേയ്ക്ക് ചാടി നടക്കുന്നു.
മെക്‌സിക്കൻ ഇഗ്വാനയ്ക്ക് മത്തങ്ങ കണ്ടാൽ നാവിൽ വെള്ളമൂറും. പിന്നെ പരിസരം മറക്കും. മത്തങ്ങയും ചെമ്പരത്തിപ്പൂവുമൊക്കെ തീറ്റയാക്കുന്ന ഇഗ്വാനകൾ പുർണ വളർച്ചയിൽ 9 കിലോ വരെ ഭാരമെത്തും.
ഇഗ്വാനയ്ക്ക് പുറമേ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ തത്തകളാണ് സന്ദർശകരെ ആകർഷിക്കുന്നത്. ലക്ഷങ്ങളിൽ വില തുടങ്ങുന്ന മക്കാവ തത്തകൾ എളുപ്പത്തിൽ ഇണങ്ങുന്നവയും വർഷത്തിൽ നാല് കുഞ്ഞുങ്ങളെ തരുന്നവയുമാണ്.

തൂക്കണാം കുരുവികളോട് സാദൃശ്യമുള്ള ഫിഞ്ചുകൾ, കവിൾ മറുകുള്ള ബഡ്‌ജീസുകൾ, കവിൾ പൊട്ടുള്ള കൊക്കറ്റിലുകൾ, മിമിക്രിക്കാരായ ആഫ്രിക്കൻ ചാരത്തത്തകൾ, സുനാമി, ഭൂകമ്പം തുടങ്ങി പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടിയറിയാൻ ഭൗമ ശാസത്രജ്ഞർ ഉപയോഗിക്കുന്ന ഫെസെന്റ് പക്ഷികൾ, തേനും പുമ്പൊടിയും മാത്രം ആഹാരമാക്കുന്ന ലോറി തത്തകൾ, ഒരു ഡസനോളം പ്രാവിനങ്ങൾ, അലങ്കാരക്കോഴികൾ, ചൈനീസ് സിംഹനായ ഷിദ് സു, അമേരിക്കൻ ബുള്ളി നായ, ഷുഗർ ഗ്ലൈഡർ വരെയുള്ള അരുമകളുടെ നീര നീളുന്നു.

സെൽഫി കൗണ്ടറുകളും എഗ് ഗാലറിയും സജ്ജീകരിച്ചിട്ടുണ്ട്. ഓർണമെന്റൽ പെറ്റ് ഫാർമേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രദർശനം. ഇന്ന് സമാപിക്കും.

Advertisement
Advertisement