ജനങ്ങളെ  അണിനിരത്തി  ബിജെപി  പ്രതികരിക്കും; പി സി ജോർജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ  കടുത്ത  ലംഘനമെന്ന് കെ സുരേന്ദ്രൻ

Sunday 01 May 2022 11:03 AM IST

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത മുൻ എം എൽ എ പി.സി ജോർജിന് പിന്തുണയറിയിച്ച് ബിജെപി. ജോർജിനെ അറസ്റ്റ് ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

"ഹൈന്ദവ- ക്രൈസ്‌തവ നേതാക്കളെ പൊലീസ് വേട്ടയാടുകയാണ്. ജനങ്ങളെ അണിനിരത്തി ബിജെപി പ്രതികരിക്കും. ഇസ്‌ലാമിക ഭീകരവാദത്തെക്കുറിച്ച് സംസാരിക്കുന്നവരെയെല്ലാം നിശബ്ദരാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം പൂർണമായും ഭീകരവാദത്തിന് കീഴടങ്ങിയെന്നും" സുരേന്ദ്രൻ ട്വീറ്റിൽ വ്യക്തമാക്കി.

പി സി ജോർജിന് പിന്തുണയുമായി മറ്റ് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. എതിർസ്വരങ്ങളെ അടിച്ചമർത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ് വൈകാതെ ഈരാറ്റുപേട്ടയിലെ ജോർജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. പി സി ജോർജിനെ കാണാൻ എ ആർ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് അനുമതി നിഷേധിച്ചു.