പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ: സർക്കാരിനുമേൽ സമ്മർദ്ദമേറുന്നു

Monday 02 May 2022 12:00 AM IST

തിരുവനന്തപുരം: ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു എന്ന വാർത്തകൾ വന്നതോടെ സംസ്ഥാന സർക്കാരിനുമേലും സമ്മർദ്ദമേറി. 2016ൽ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും വിവിധപ്രശ്നങ്ങൾ മൂലം അത് നടപ്പാക്കാനായില്ല. 2018ൽ സാദ്ധ്യതകൾ പഠിക്കാൻ സമിതിയെ നിയോഗിച്ചു. 2021 ഏപ്രിലിൽ റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

2013ൽ ഉമ്മൻചാണ്ടി സർക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. പദ്ധതിക്ക് ഇടതുമുന്നണി തത്വത്തിൽ എതിരാണെങ്കിലും നയപരമായ തീരുമാനം ഇക്കാര്യത്തിൽ വേണ്ടിവരും. പങ്കാളിത്ത പെൻഷൻ മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് വന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യത കുതിച്ചുയരുമെന്ന ആശങ്കയുമുണ്ട്.


പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിക്കൽ പ്രായം 60 ആണ്. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ 56ഉം. പങ്കാളിത്ത പെൻഷനിൽ മിനിമം പെൻഷനില്ല. പെൻഷൻ ആനുകൂല്യങ്ങളുമില്ല. പെൻഷൻ ഫണ്ടിൽ പത്തുശതമാനം വീതം ജീവനക്കാരും സർക്കാരും അടയ്ക്കും. അത് മാത്രമാണ് കിട്ടുക. പെൻഷൻ ഫണ്ടിലെ തുകയ്ക്ക് ആനുപാതികമായാണ് പെൻഷൻ. സ്റ്റാറ്ര്യൂട്ടറി പെൻഷനിൽ അവസാന മാസം വാങ്ങിയ ശമ്പളത്തിന്റെ പകുതി തുക പെൻഷനായി കിട്ടും. വിരമിക്കൽ ആനുകൂല്യവുമുണ്ട്.

സംസ്ഥാനത്തെ 5,15,639 സർക്കാർ ജീവനക്കാരിൽ 1,38,574 പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ്. 4,40,035 പെൻഷൻകാരിൽ 1500 പേർ പങ്കാളിത്ത പെൻഷൻ വാങ്ങുന്നവരും. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞിരിക്കുന്നത്.

Advertisement
Advertisement