ദേവനന്ദയുടെ മരണത്തിൽ വിറങ്ങലിച്ച് ചെറുവത്തൂർ

Monday 02 May 2022 12:12 AM IST

കാഞ്ഞങ്ങാട്: ഷവർമ്മ കഴിച്ച വിദ്യാർഥിനി മരിച്ചുവിവരമറിഞ്ഞ് ചെറുവത്തൂർ ഞെട്ടി. ഷവർമ്മ കഴിച്ചവരെല്ലാം പരിഭ്രാന്തിയിലായതോടെ ലക്ഷണങ്ങളില്ലാത്തവരും ആശുപത്രിയിലേക്കോടി. ഭക്ഷ്യവിഷബാധയേറ്റവർക്കെല്ലാം ഛർദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമായത്. നേരിയ ലക്ഷണങ്ങൾ ഉള്ളവർ പ്രാഥമിക ചികിത്സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങി.

വിവരമറിഞ്ഞ ഉടൻതന്നെ ഡി.എം.ഒ രാംദാസും ജില്ലാ ആശുപത്രി സുപ്രണ്ടും ഡ്യൂട്ടിയിലില്ലാത്ത പരിസരത്തെ മുഴുവർ ഡോക്ടർമാരെയും നഴ്സുമരെയും പാരാമെഡിക്കൽ ജീവനക്കാരെയും വിളിച്ചുവരുത്തി എല്ലാവിധ പരിശോധനകളും ചികിത്സകളും സജ്ജമാക്കിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് അവശത അനുഭവപ്പെട്ടതെന്ന് മനസിലായതോടെ നീരിക്ഷണത്തിലും ചികിൽസയിലും കഴിയുന്ന മുഴുവൻ കുട്ടികളെയും ജില്ലാ ആശുപത്രിയിലെത്തിക്കാനും ആവശ്യമായ ചികിത്സ നൽകാനും നിർദ്ദേശം നൽകി.

വിവരമറിഞ്ഞ് എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ എം. രാജഗോപാലൻ, കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷണൻ എന്നിവരും ജില്ലാ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് മാധവൻ മണിയറ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ,വി സുജാത തുടങ്ങിയ ജനപ്രതിനിധികളും ജില്ലാ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും സന്ദർഭോചിതാമയ ഇടപെടൽ നാട്ടുകാർക്കും വീട്ടുകാർക്കും ആശ്വാസം പകർന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ജില്ലയിലുണ്ടായിരുന്ന മന്ത്രി എം.വി ഗോവിന്ദൻ ജില്ലാ ആശുപത്രിയിലെത്തി മരിച്ച ദേവനന്ദയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടികളെയും സന്ദർശിച്ചു.

പോസ്റ്റ്‌മോർട്ടം ഇന്ന്
ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും.

Advertisement
Advertisement