സർക്കാരിനെ ഇസ്ലാമികവത്കരിക്കുന്നു: വത്സൻ തില്ലങ്കേരി

Monday 02 May 2022 12:04 AM IST

തിരുവനന്തപുരം: ഹിന്ദു, ക്രിസ്ത്യൻ മത വിശ്വാസങ്ങളെ അടിച്ചമർത്തി ഇസ്ലാമിക പ്രീണനം നടത്തുന്ന മുഖ്യമന്ത്രി, സർക്കാർ സംവിധാനങ്ങളെപ്പോലും ഇസ്ലാമികവത്കരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. മതവിദ്വേഷം പരത്തുന്നതരത്തിൽ നിരവധി ഇസ്ലാമിക മതപണ്ഡിതന്മാർ പ്രസംഗിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പിണറായി സർക്കാർ പി.സി.ജോർജിനെ അറസ്റ്റ് ചെയ്തത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നാവരിയുന്ന നടപടിയാണിത്.

 സംഘപരിവാർ ഗൂഢാലോചന:വി.ഡി സതീശൻ

പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രസംഗം നടത്തി 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയ്യാറായത്. കസ്റ്റഡിയിൽ എടുത്തതിനുശേഷം സ്വന്തം വാഹനത്തിൽ ആഘോഷപൂർവമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയരികിൽ കാത്തുനിന്ന സംഘപരിവാർ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കാനും പൊലീസ് സൗകര്യം ചെയ്തു കൊടുത്തു.

 അറസ്റ്റ് വിവേചനപരം: കെ.സുരേന്ദ്രൻ

പി.സി ജോർജിന്റെ അറസ്റ്റ് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇരട്ട നീതിയാണ് ഇവിടെ നടക്കുന്നത്. ഇതിനെക്കാൾ ഭീകരമായ പ്രസ്താവനകൾ നടത്തിയ ആളുകളെ അറസ്റ്രു ചെയ്തിട്ടില്ല. ഇത് വർഗീയ ശക്തികളേയും മതതീവ്രവാദ സംഘടനകളേയും തൃപ്തിപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കമാണ്.ജോർജിനെ കൈയ്യേറ്റം ചെയ്യാൻ പോപ്പുലർ ഫ്രണ്ടുകാരോ ഡി.വൈ.എഫ്.ഐക്കാരോ ശ്രമിച്ചാൽ അതിനെ പ്രതിരോധിച്ച് അദ്ദേഹത്തെ സംരക്ഷിക്കും.

ഇടപെടൽ ഞെട്ടിക്കുന്നത്: ഡി.വൈ.എഫ്.ഐ

ഒരു മതവിഭാഗത്തെ അപകീർത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോർജിന് അനുഭാവവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ എ.ആർ ക്യാമ്പിൽ എത്തിയത് ആരെയും ഞെട്ടിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ. അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. മുരളീധരന്റേത് സത്യപ്രതിജ്ഞാ ലംഘനമാണ്.

അറസ്റ്റ് ചോദിച്ചുവാങ്ങിയത്: ചെന്നിത്തല

പി.സി.ജോർജ് ചോദിച്ചു വാങ്ങിയതാണ് ഈ അറസ്റ്റെന്ന് രമേശ് ചെന്നിത്തല. സംഘപരിവാർ വർഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ. ജോർജ് അവരുടെ കൈയ്യിലെ ആയുധമായത് ഖേദകരം.

 നടപടി അർദ്ധമനസോടെ: കെ.സുധാകരൻ

ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി.സി ജോർജിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ അർദ്ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

29നു നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേസെടുത്തത് മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ്. കോടതിയിൽ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താൽ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമായി.

Advertisement
Advertisement