പന്നിവിഴ സൊസൈറ്റി പടി - ഒാൾസെയ്ന്റ്സ് റോഡ് തകർന്നു, ദുരിതവഴിയിൽ സാഹസിക യാത്ര

Monday 02 May 2022 12:56 AM IST

അടൂർ : കാലാകാലങ്ങളിൽ നഗരസഭാ ഭരണസമിതിയും കൗൺസിലർമാരും മാറി മാറി വന്നിട്ടും പന്നിവിഴ സൊസൈറ്റി പടി - ഒാൾസെയ്ന്റ്സ് റോഡിന് ശാപമോക്ഷമില്ല. വർഷങ്ങൾക്ക് മുൻപ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡിന് അറ്റകുറ്റപ്പണികൾ ഇല്ലാത്തതോടെ വാഹനയാത്രികർ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വേണം സഞ്ചരിക്കാൻ. നഗരഹൃദയത്തിൽ 18, 24 വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന റോഡാണിത്. അടൂർ - ആനന്ദപ്പള്ളി റോഡിൽ നിന്നും സൊസൈറ്റി പടിയിൽ നിന്നും ആരംഭിച്ച് നഗരസഭയുടെ പാമ്പേറ്റുകളും - മാർക്കറ്റ് ജംഗ്ഷൻ റോഡിൽ ഒാൾസെയ്ന്റ്സ് സ്കൂൾ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു. 2014-ലാണ് ഇൗ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നത്. നിലവാരം കുറഞ്ഞ കോൺക്രീറ്റിംഗ് കാരണം രണ്ട് വർഷം പിന്നിടുംമുൻപേ റോഡ് തകർന്നു. കഴിഞ്ഞ ആറുവർഷമായി തകർന്നുകിടക്കുന്ന ഇൗ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളുടേത്.

രണ്ടു വാർഡുകളിൽ അതിർത്തി പങ്കിടുന്ന റോഡ്

രണ്ട് വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്നതിനാൽ ആര് മുൻകൈ എടുമെന്നതാണ് നിലവിലെ പ്രശ്നം. ഇതോടെ ദുരിതം അനുഭവിക്കുന്നതാകട്ടെ പ്രദേശവാസികളും. ഓൾ സെയ്ന്റ് സ്കൂൾ, മൃഗാശുപത്രി, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങൾക്കൊപ്പം നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിനായി വാങ്ങിയ സ്ഥലവും ഇതിന് സമീപത്താണ്. വരും നാളുകളിൽ ഏറെ ഗതാഗത പ്രധാന്യം വരുന്ന ഒരു പാതയാണ് അധികൃതർ തഴഞ്ഞിട്ടിരിക്കുന്നത്. നഗരസഭയിൽ ഇത്രത്തോളം ദുരിതമനുഭിക്കുന്ന റോഡില്ലെന്നതാണ് പ്രദേശവാസികളുടെ ആരോപണം. ഇരുചക്രവാഹന യാത്രികർക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലേത്. സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങളും സാഹസികമായാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധിക‌ൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിഇല്ലെന്നാതാണ് നാട്ടുകാരുടെ പരാതി.

......................

വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഇക്കാര്യത്തിൽ അ‌ടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

ജോസ് തോമസ്,

(പ്രദേശവാസി)

-നഗരഹൃദയത്തിൽ 18, 24 വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന റോഡ്

-കോൺക്രീറ്റ് ചെയ്തത് 2014-ൽ

- റോഡ് നന്നാക്കുന്നതിൽ തർക്കം

Advertisement
Advertisement