കാസർകോട് ഷവർമ കഴിച്ചവരിൽ ഷിഗെല്ല സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് നാല് കുട്ടികളിൽ
Tuesday 03 May 2022 6:22 PM IST
കാസർകോട്: ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിൽ ഷിഗല്ല സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ചികിത്സയിൽ കഴിയുന്ന നാലു കുട്ടികളിലാണ് ഷിഗെല്ല കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് പരിശോധന നടത്തിയത്. ആരുടെയും നില ഗുരുതരമല്ല.
ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം കോഴിക്കോട് വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് പുതിയാപ്പയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. നേരത്തെ കണ്ടെത്തിയതിനാൽ രോഗവ്യാപനം തടയാൻ സാധിച്ചിരുന്നെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. കഠിനമായ പനി വയറിളക്കം, വയറുവേദന, ഛർദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.