മരടിലെ അനധികൃത ഫ്ലാറ്റ്: ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അന്വേഷിക്കും

Wednesday 04 May 2022 12:24 AM IST

ന്യൂഡൽഹി:സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ലാറ്റുകൾ നിർമ്മിച്ചതിന്റെ ഉത്തരവാദികളെ കണ്ടെത്താൻ സുപ്രീം കോടതി ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്ഥാപനത്തിനാണോ, ഫ്ലാറ്റ് നിർമ്മാതാക്കൾക്കാണോ എന്നാണ് കണ്ടെത്തേണ്ടത്. രണ്ട് മാസം കൊണ്ട് റിപ്പോർട്ട് നൽകണം. വേനലവധി കഴിഞ്ഞാലുടൻ റിപ്പോർട്ട് പരിഗണിക്കുമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കൊൽക്കത്ത, തെലങ്കാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ.

ഹൈക്കോടതി മുൻ ജസ്റ്റിസ് എ.എം ഷെഫീക്കിനെ അന്വേഷണ കമ്മിഷനായി നിയോഗിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് മൂലം മാറ്റുകയായിരുന്നു.

നിർമ്മാണത്തിൽ തീരദേശ നിയമം ലംഘിച്ചതിനാണ് ജയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ആൽഫാ വെഞ്ച്വേഴ്സ്, ഹോളി ഫെയ്‌ത്ത് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നിർമ്മാണം നടത്തിയയവരിൽ നിന്ന് ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം ഈടാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരമായി നൽകിയ 62 കോടി രൂപ നിർമ്മാതാക്കളിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരോ തദ്ദേശ സ്ഥാപനമോ ആണ് നിർമ്മാണത്തിന് ഉത്തരവാദികളെങ്കിൽ അവർ നഷ്ടപരിഹാരം നൽകണമെന്ന് ഫ്ലാറ്റ് നിർമ്മാതാക്കളുടെ അഭിഭാഷകർ വാദിച്ചിരുന്നു.

Advertisement
Advertisement