വെള്ളത്തിൽ മേടക്കൊയ്ത്ത് ! പുറക്കാട് നടയകം പാടശേഖരത്തിൽ വെള്ളം കയറിയത് തിരിച്ചടിയായി

Wednesday 04 May 2022 12:02 AM IST
പുറക്കാട് നടയകം പാടശേഖരത്തിൽ കൊയ്ത്താരംഭിച്ചപ്പോൾ

കോഴിക്കോട്: തിക്കോടി പഞ്ചായത്തിലെ പുറക്കാട് നടയകം പാടശേഖരത്തിൽ കൊയ്ത്താരംഭിച്ചു. നെൽവയലിൽ വെള്ളം കയറിയതിനെ തുടർന്നാണ് കൊയ്ത്ത് നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും മുന്നറിയിപ്പില്ലാതെ കുറ്റ്യാടി കനാൽ തുറന്നതും നടകയത്തെ വയലിൽ വെള്ളം കയറുന്നതിന് കാരണമായി. തുടർന്ന് പെട്ടെന്ന് കൊയ്ത്താരംഭിക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും പുറക്കാട് നടയകം പാടശേഖര സമിതിയും സംസ്ഥാന കൃഷി വകുപ്പുമായി യോജിച്ച് പുറക്കാട് നടയകം വയലുകളിൽ രണ്ടര പതിറ്റാണ്ടിന് ശേഷമാണ് നെൽകൃഷി പുനരാരംഭിച്ചത്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് കതിരണി. ഇതിന്റെ ഭാഗമായി നടകയത്തെ 30 ഏക്കർ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്.

മികച്ച ഉത്പാദനക്ഷമതയ്ക്ക് 30 വർഷം മുമ്പ് സംസ്ഥാന സർക്കാരിന്റെ അവാർഡ് വരെ കിട്ടിയ വയലുകളാണ് തിക്കോടിയിലുള്ളത്. എന്നാൽ അട്ടശല്യവും കുറ്റ്യാടി കനാൽ തുറക്കുമ്പോൾ വരുന്ന അധിക ജലവും കൃഷിയെ ദോഷകരമായി ബാധിച്ചിരുന്നു. വീസിബികൾ ഫലപ്രദമായി പ്രവർത്തിക്കാത്തതും തോട് നവീകരണം നടക്കാത്തതും, കാർഷികരംഗത്തെ ചെലവുകളും കർഷകരെ നെൽകൃഷിയിൽ നിന്ന് പിന്നോട്ടടിപ്പിച്ചു.

കതിരണി പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടയകം പാടശേഖരവും ഇടം പിടിച്ചതോടെ കർഷകർ ആവേശത്തിലായി. പഞ്ചായത്തിലെ തരിശായി കിടക്കുന്ന 300 ഏക്കർ സ്ഥലത്തും കൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ പരോഗമിക്കുകയാണ്.

കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ നൂതന യന്ത്രങ്ങളും പരിശീലനം സിദ്ധിച്ച കർമസേനയും മേൽനോട്ടത്തിന് ഒരു എൻജിനിയറുടെ സേവനവും മിഷൻ സി .ഇ.ഒ ഡോ. ജയകുമാർ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. നിലമൊരുക്കലിനും വരമ്പുകൾ നിർമിക്കാനും തിക്കോടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും അണിനിരന്നു. അടുത്ത വർഷത്തേക്ക് നടയകം വയലുകൾ പൂർണമായും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് പാടശേഖരസമിതിയും തിക്കോടി പഞ്ചായത്തും.

Advertisement
Advertisement