കളിക്കാം, പഠിക്കാം, രസിക്കാം, അങ്കണവാടി സ്‌മാർട്ടാണെന്നേ...

Wednesday 04 May 2022 12:00 AM IST

തിരുവനന്തപുരം: ഒറ്റ മുറിയിലെ കുട്ടിക്കസേരയിലിരുന്ന് പഠനം, ഇത്തിരി കളി, ഉച്ചഭക്ഷണം, കസേര മാറ്രിയിട്ട് പായ വിരിച്ച് ഉറക്കം, വൈകിട്ട് വീട്ടിലേക്ക് മടക്കം... അങ്കണവാടിയിലെ ബോറൻ രീതികളൊക്കെ ഇനി പഴങ്കഥ. കുട്ടിക്കുറുമ്പുകൾക്കായി സ്മാർട്ട് ക്ളാസ്റൂം മാതൃകയിൽ സ്മാർട്ട് അങ്കണവാടികളും തയാർ! വിശ്രമമുറി, പഠനമുറി, ഇൻഡോർ, ഔട്ട് ഡോർ ഗെയിം, പാരന്റ്സ് വെയിറ്റിംഗ് ഏരിയ, കൗമാരക്കാർക്ക് ഒത്തുകൂടാനുള്ള മുറി, കുട്ടിക്കൂട്ടങ്ങൾക്ക് അനുയോജ്യമായ ബാത്ത്റൂമും വാഷ് ബേസിൻ, വായനയ്ക്കായി ബുക്ക് കോർണർ,കളിക്കാനായി ടോയ് കോർണർ തുടങ്ങിയ സൗകര്യങ്ങളാണ് സ്മാർട്ട് അങ്കണവാടിയിലുള്ളത്.

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പൂജപ്പുര സാമൂഹ്യനീതി വകുപ്പ് ഇൻസ്റ്റിറ്റ്യൂഷൻ കോംപ്ലക്സിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും. തിരുവനന്തപുരം അർബൻ 2 ഐ.സി.ഡി.എസ് പ്രൊജക്ടിലെ 37-ാം നമ്പർ അങ്കണവാടിയാണ് ഇന്ന് കുട്ടികൾക്കായി സമർപ്പിക്കുന്നത്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന തരത്തിലുള്ള കളികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടി.വിക്കൊപ്പം വിനോദത്തിനായി കുഞ്ഞ് ബാസ്കറ്റ് ബാൾ ഗെയിം, സീ-സോ, ഫുട്ബാൾ, മാനസിക സംഘർഷം ലഘൂകരിക്കാനുള്ള കളികൾ എല്ലാം റെഡി. 20 കുട്ടികളുള്ള ഈ അങ്കണവാടിയിൽ ഒരു ടീച്ചറും ഒരു ഹെൽപ്പറുമാണുള്ളത്. പത്തു സെന്റ് സ്ഥലത്ത് 1655.23 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിതി കേന്ദ്രയാണ് കെട്ടിടം നിർമ്മിച്ചത്. 44,94,518 രൂപ ചെലവായി.

ഇടവ, വേളി, വെമ്പായം, ഒറ്റൂർ, വിതുര, ഉഴമലയ്ക്കൽ, അരുവിത്തുറ, ആര്യനാട് , വാമനപുരം പഞ്ചായത്തുകളിലാണ് മറ്റ് സ്മാർട്ട് അങ്കണവാടികളുള്ളത്. സംസ്ഥാനത്താകെ 155 സ്മാർട്ട് അങ്കണവാടി നിർമ്മാണത്തിലുണ്ട്.

Advertisement
Advertisement