ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല,​ ആവശ്യമുന്നയിക്കുന്നവരുടെ ഉദ്ദേശം വേറെയാണ്; ഡബ്ല്യുസിസിയെ വിമർശിച്ച് മന്ത്രി

Wednesday 04 May 2022 3:01 PM IST

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറല്ലെന്ന് വ്യക്തമാക്കി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഹേമാ കമ്മിറ്റി റിപ്പോർ‌ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്നും പുറത്തു വിട്ടാൽ തന്നെ എന്തു ഗുണമാണുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരിമാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്. കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നവർക്ക് റിപ്പോർട്ട് കിട്ടിയാൽ എന്തെങ്കിലും ഗുണമുണ്ടാകുമോ?​ അതൊക്കെ വേറെ കാര്യങ്ങൾ ഉദ്ദേശിച്ച് പറയുന്നതാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. ​

ഗവൺമെന്റ് വച്ച റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് ​ഗവൺമെന്റ് തീരുമാനിക്കും. ആ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ സർക്കാർ അം​ഗീകരിച്ചു. അതാണ് പ്രധാനം, അല്ലാതെ റിപ്പോർട്ട് തള്ളിക്കളയുകയല്ല. റിപ്പോർട്ട് പുറത്തു വിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്.

സുരക്ഷിത മേഖലയായി സിനിമാ മേഖലയെ മാറ്റേണ്ടതുണ്ട്. സിനിമാ മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതല്ല നടപ്പിലാക്കുന്നതാണ് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് തൊട്ടു മുമ്പായിരുന്നു മന്ത്രിയുടെ പ്രതികരണം.