കൊച്ചിയുടെ 'സന്തോഷത്തിൽ' അലിഞ്ഞ് കേരള ഫുട്ബാൾ ടീം

Thursday 05 May 2022 12:37 AM IST

കൊച്ചി: കേരളത്തിന് 'ഏഴാംസന്തോഷം' സമ്മാനിച്ച കേരളാ ഫുട്ബാൾ ടീമിനെ നെഞ്ചോട് ചേർത്ത് കൊച്ചി. കേരളാ ഫുട്ബാൾ അസോസിയേഷൻ മേത്തർ ഗ്രൂപ്പുമായി സഹകരിച്ച് ഒരുക്കിയ സ്വീകരണം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. താജ് ഹോട്ടലിൽ ഒരുക്കിയ ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, മേയർ എം.അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കെ.എഫ്.എ ഭാരവാഹികൾ എന്നിവർ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും താരങ്ങളെ ആദരിച്ചു.

ഭിന്നിപ്പുകൾക്കടയിൽ കേരളത്തെ ഒന്നിപ്പിച്ചത് സന്തോഷ് ട്രോഫി മത്സരമാണെന്നും ടീമിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇത് അഭിനമാനത്തിന്റെ നിമിഷമാണ്. ഫുട്ബാളിനെ പ്രണയിച്ച താരങ്ങളാണ് കേരളത്തിന് സന്തോഷം സമ്മാനിച്ചത്. മിന്നും ജയം മലയാളികളുടെ ഹൃദങ്ങളെ ഒന്നിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

കിരീടമുയർത്തിയ താരങ്ങളെ കേരള സർക്കാരിനായി അഭിനന്ദിക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ് പങ്കുവച്ചു. കൊച്ചിയിൽ ഫുട്ബാളിന് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള കോംപ്ലക്സ് പരിഗണയിലാണെന്നും ജി.സി.ഡി.എ ചെയർമാൻ അറിയിച്ചു.

കേരളത്തിന് ടീമിന് സന്തോഷ് ട്രോഫി കിരീടം ഉയർത്താൻ സാധിച്ചതിന് പിന്നിൽ കെ.എഫ്.എയുടെ പിന്തുണ എടുത്തുപറയേണ്ടതാണെന്നെന്നും കോച്ചായി തന്നെ തിരഞ്ഞെടുത്തതിൽ നന്ദിപറയുന്നതായും കോച്ച് ബിനോ ജോർജ് പറഞ്ഞു. കൊച്ചിയുടെ സ്വീകരണം ആവേശമായെന്നും ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ക്യാപ്ടൻ ജിജോ ജോസഫ് പങ്കുവച്ചു.

 താരങ്ങൾക്ക് സമ്മാനം

സന്തോഷ് ട്രോഫി കിരീടം നേടിയ താരങ്ങൾക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് കെ.എം.ഐ മേത്തർ പറഞ്ഞു. തുക വെളിപ്പെടുത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം കെ.എഫ്.എ തീരുമാനം പങ്കുവയ്ക്കാനമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement