കെ.എസ്.ആർ.ടി.സിക്കെതിരേ ഹൈക്കോടതി, 2,800 ബസ് തുരുമ്പിച്ചു, ഇതോ കാര്യക്ഷമത! വിമർശനം കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടി

Thursday 05 May 2022 12:00 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് മതിയായ ഷെഡ്യൂളുകൾ നടത്താൻ ബസുകളില്ലാതിരിക്കെ ഡിപ്പോകളിലും യാർഡുകളിലും ഹൈടെക് ബസുകൾ കൂട്ടത്തോടെ തുരുമ്പെടുത്ത് നശിക്കുന്നതിൽ ഹൈക്കോടതി കടുത്ത നീരസവും ആശങ്കയും പ്രകടിപ്പിച്ചു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളിൽ കുറച്ചെങ്കിലും കാര്യക്ഷമത കാണിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.

2,800 ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണവും തേടി. കെ.എസ്.ആർ.ടി.സി ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതായി 'കേരളകൗമുദി" ഏപ്രിൽ 18ന് പ്രത്യേക റിപ്പോർട്ടായി നൽകിയിരുന്നു. ഇതുൾപ്പെടെ മാദ്ധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. മേയ് ആറിനു വീണ്ടും പരിഗണിക്കും.

ബസുകൾ ഇത്തരത്തിൽ നശിപ്പിച്ച് ഷെഡ്യൂളുകൾ കുറയ്ക്കുന്നത് കെ-റെയിലിനെയും കെ.എസ്.ആർ.ടി.സി സ്വിഫ്‌ടിനെയും പ്രോത്സാഹിപ്പിക്കാനാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്.

കോടതിയെ അറിയിക്കേണ്ടത്

1. തുരുമ്പെടുക്കുന്ന ബസുകളുടെ എണ്ണം

2. എത്ര കിലോമീറ്റർ ഓടി, കാലപ്പഴക്കം

3. എത്രകാലമായി വെറുതേ കിടക്കുന്നു

4. എന്തു ചെയ്യാനാണ് പദ്ധതി

Advertisement
Advertisement