തക്കാളിപ്പനി കുട്ടികളിൽ

Thursday 05 May 2022 12:56 AM IST

പത്തനംതിട്ട : കയ്യിലും കാലിലും വായിലും ചുവന്ന തിണർപ്പുകൾ. ചെറിയ പനിയോ ക്ഷീണമോ ഉണ്ടാകും. തക്കാളി പനിയുടെ ലക്ഷണങ്ങളാണിവ. കുട്ടികളിലാണ് കൂടുതലും തക്കാളിപ്പനി കണ്ടെത്തിയിരിക്കുന്നത്. സ്രവങ്ങളിലൂടെയടക്കം ഈ പനി പകരാറുണ്ട്. കുട്ടികളിലാണ് കൂടുതൽ എങ്കിലും മുതിർന്നവരിലും ഇത് കാണാറുണ്ട്. ജില്ലയിൽ കുട്ടികളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. വായ്ക്കുള്ളിൽ വരുന്ന കുമിളകൾ ചിലപ്പോൾ പൊട്ടുകയും ചെയ്യും. അതിനാൽ കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും. എന്നാൽ നല്ല രീതിയിൽ ആഹാരം നൽകേണ്ട അവസ്ഥയാണിത്. ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് എന്നാണ് ഈ രോഗത്തിന് പറയുന്നതെങ്കിലും തക്കാളി പോലെ ചുവന്ന് തിണർത്ത് വരുന്നതിനാലാണ് തക്കാളിപ്പനി എന്ന് അറിയപ്പെടുന്നത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഇതു പോലെ കുമിളകൾ വരാറുണ്ട്. ഒന്ന് രണ്ട് ആഴ്ചകൾ മാത്രമേ ഇവ നീണ്ടുനിൽക്കു. പിന്നീട് വരാനുള്ള സാദ്ധ്യതയും കുറവാണ്. ധാരാളം വെള്ളം നൽകേണ്ട രോഗം കൂടിയാണിത്.

തക്കാളിപ്പനി

കോക്സാക്കി വൈറസ്, എന്ററോ വൈറസ് എന്നിവ മൂലമാണ് തക്കാളിപ്പനിയുണ്ടാകുന്നത്.

തലച്ചോർ, നാഡീവ്യൂഹം എന്നിവയെ വൈറസ് ബാധിക്കാറുണ്ട്. ചുരുക്കം കുട്ടികളിൽ ബലക്ഷയവും സംഭവിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

1. പനി അധികമായാൽ ഡോക്ടറെ സമീപിക്കണം.

2. മറ്റുള്ളവർക്ക് പകരാതിരിക്കാനുള്ള മാർഗം സ്വീകരിക്കണം.

3. ശുചിത്വം പാലിക്കണം.

4. തുമ്മൽ ഉണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കാം.

5. ഭക്ഷണവും വെള്ളവും നന്നായി കഴിക്കണം.

6. നന്നായി വിശ്രമിക്കണം.

Advertisement
Advertisement