ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾക്ക് ചോർച്ച; ഉപ്പുവെള്ള ഭീഷണിയിൽ കൃഷി

Thursday 05 May 2022 1:05 AM IST
പൊന്നാനി ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളിലെ ചോർച്ചയെത്തുടർന്ന് വെള്ളം കിഴക്ക് ഭാഗത്ത് എത്തിയപ്പോൾ.

ചോർച്ചയുള്ളത് മൂന്ന് ഷട്ടറുകളിൽ


എടപ്പാൾ: പൊന്നാനി ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിലെ മൂന്ന് ഷട്ടറുകളുടെ ചോർച്ചയടക്കൽ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നു. ഷട്ടറുകളുടെ അറ്റകുറ്റപണികൾ യഥാസമയം നടത്താത്തതാണ് ചോർച്ചയ്ക്ക് ഇടയാക്കിയത്. ഏഴ്, എട്ട്, ഒമ്പത് ഷട്ടറുകളിലാണ് ചോർച്ച രൂപപ്പെട്ടത്. അതിനാൽ റഗുലേറ്ററിന്റെ പടിഞ്ഞാറ് ഭാഗത്ത് സംഭരിച്ചു നിറുത്തിയ ഉപ്പുവെള്ളം കിഴക്കുഭാഗത്തെ കോൾ പാടങ്ങളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്. വേനലിൽ കിഴക്ക് ഭാഗത്തെ മേഖലകളിൽ വെള്ളം വറ്റിയതിനാൽ കർഷകർക്ക് നിലവിൽ പ്രയാസമില്ലെങ്കിലും അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളമെത്തും. മാറഞ്ചേരി, എടപ്പാൾ, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ആയിരത്തിലധികം ഏക്കറോളം വിസ്തൃതിയിൽ കിടക്കുന്ന കോൾപാട ശേഖരങ്ങൾക്കാണ് ഉപ്പുവെള്ളം പ്രയാസമായി തീരുക. അറ്റകുറ്റപണികൾക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും ഇതിന് വേഗം പോരെന്ന് കർഷകർ പറയുന്നു.

വേണം സ്റ്റൈൻലസ് സ്റ്റീൽ ഷട്ടർ

റഗുലേറ്ററിന്റെ ആകെയുള്ള 10 ഷട്ടറുകളിൽ മൂന്നെണ്ണത്തിനാണ് ചോർച്ചയുള്ളത്. ഇതിൽ രണ്ട് ഷട്ടറുകളിൽ ഒരുവർഷം മുമ്പും ചോർച്ചയുണ്ടായിരുന്നു. പത്ത് വർഷം മുമ്പ് നിർമ്മിച്ച പാലത്തിന്റെ ഷട്ടറുകളിൽ പകുതിയും തുറക്കാൻ കഴിയാതായതിനാൽ നാല് വർഷം മുമ്പാണ് അറ്റകുറ്റപണികൾ നടത്തിയത്. ഈ ഷട്ടറുകളിലാണ് വീണ്ടും ചോർച്ചയുണ്ടായത്. 12 വർഷം മുമ്പ് നിർമ്മിച്ച റഗുലേറ്ററിൽ ഇതുവരെ ഷട്ടറുകളിൽ വലിയ രീതിയിലുള്ള അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. നിലവിൽ മൈൽഡ് സ്റ്റീൽ ഉപയോഗിച്ചാണ് ഷട്ടർ നിർമ്മിച്ചത്. ഇത് ഉപ്പിന്റെ സാന്ദ്രതയെ ചെറുക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് അഭിപ്രായം. സ്റ്റൈൻലസ് സ്റ്റീൽ ഉപയോഗിച്ചുള്ള ഷട്ടർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisement
Advertisement