പെരുന്നാൾ രാവും പെരുന്നാളും നിറങ്ങളിൽ മുക്കി പാനൂസയുടെ തിരിയണഞ്ഞു

Thursday 05 May 2022 1:11 AM IST
പൊന്നാനിയിൽ സംഘടിപ്പിച്ച പാനൂസയുടെ സമാപന ചടങ്ങിൽ നിന്ന്

പൊന്നാനി: പെരുന്നാൾ രാവും പെരുന്നാളും നിറങ്ങളിൽ മുക്കി പാനൂസയുടെ തിരിയണഞ്ഞു. പൊന്നാനിക്കാരുടെ പെരുന്നാളിനെ എന്നും സുന്ദരമാക്കിയിരുന്ന ജെ.എം റോഡിലെ പെരുന്നാൾ രാവിനെ പരമ്പരാഗത നോമ്പ്, പെരുന്നാൾ രീതികൾ പുന:രാവിഷ്‌ക്കരിച്ച് പൈതൃക അനുഭവങ്ങളെ തിരിച്ചുപിടിച്ചാണ് പാനൂസിന്റെ തിരി താഴ്ത്തിയിരിക്കുന്നത്. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പാനൂസ എന്ന പേരിൽ അഞ്ച് ദിവസം നീണ്ടു നിന്ന പെരുന്നാൾ ആഘോഷത്തിന് ഇതോടെ അവസാനമായി.

തുടർന്ന് വിവിധ പരിപാടികളും പെരുന്നാൾത്തെരുവ് പുനരാവിഷ്‌കരിച്ചതും പരമ്പരാഗത ഉത്പന്ന വിപണന മേളയും പാനൂസ, മുത്തായക്കുറ്റി എന്നിവയുടെ വിൽപ്പനയും പ്രദർശനവും മൈലാഞ്ചിക്കാട്ടിൽ നിന്നുള്ള മൈലാഞ്ചി കൊണ്ടുള്ള മൈലാഞ്ചി ഇടലും ആകർഷകമായിരുന്നു. ഓർമ്മ നിലാവ് എന്ന പേരിൽ പൊന്നാനിയിലെ നോമ്പും പെരുന്നാളും പഴമക്കാർ ഓർത്തെടുത്ത പരിപാടിയും ശ്രദ്ധേയമായി.
പാനൂസക്ക് സമാപനം കുറിച്ച് നടന്ന മൗതള സദസിനെ ആസ്വാദ്യമാക്കി. ആണുങ്ങൾ അവതരിപ്പിക്കുന്ന ഒപ്പനയായിരുന്നു മൗതള. തുടർന്ന് കലാഭവൻ അഷറഫും മകൻ അബാനും അവതരിപ്പിച്ച മിമിക്രി അരങ്ങേറി. പൊന്നാനിയിലെ പാട്ടുകാരുടെ ഗാനസന്ധ്യയും നടന്നു. സമാപന ചടങ്ങ് പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

Advertisement
Advertisement