ഭീഷണിയിലൂടെ പണം തട്ടാൻ ശ്രമം: രക്ഷാപ്രവർത്തകൻ അറസ്റ്റിൽ
താനൂർ : ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ, പ്രളയ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കൽ ജെയ്സലിനെയാണ് (37) താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനിടെ വൃദ്ധയ്ക്ക് തോണിയിൽ കയറാൻ മുതുക് കാണിച്ചു കൊടുത്തതിലൂടെ ശ്രദ്ധേയനായ ആളാണ് ജെയ്സൽ.
2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീക്ഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയിൽ പണമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി 5000 രൂപ നൽകിയ ശേഷമാണ് പോകാൻ അനുവദിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. പ്രതി തിരുവനന്തപുരം, കൊല്ലം , മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷകൾ നേരത്തെ കോടതികൾ തള്ളിയിരുന്നു.