കോളേജുകളിൽ സൗകര്യമൊരുക്കേണ്ടി വരും; സർവ്വകലാശാലകളിൽ 4 വർഷ ബിരുദമാകാം

Thursday 05 May 2022 2:01 AM IST

തിരുവനന്തപുരം: ഗവേഷണത്തോടൊപ്പമുള്ള നാലുവർഷ ബിരുദകോഴ്സുകൾ കോളേജുകളിൽ തുടങ്ങേണ്ടെന്നും സർവകലാശാലകളിൽ ആരംഭിക്കാനും ധാരണയായി. ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച് യു.ജി.സി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെയും അദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് ധാരണ. കോളേജുകളിൽ നാലാം വർഷത്തേക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിനും കൂടുതൽ മുടക്കുമുതൽ വേണ്ടിവരും. അതേസമയം, എം.ജി, കുസാറ്റ് സർവകലാശാലകളിൽ നിലവിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകളുണ്ടെന്നതിനാൽ നാലുവർഷ ബിരുദകോഴ്സ് തുടങ്ങാനാവും. നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് കൈമാറും.

വിദ്യാർത്ഥിക്ക് താത്പര്യമില്ലെങ്കിൽ മൂന്നാംവർഷം പഠനം അവസാനിപ്പിക്കാവുന്ന എക്സിറ്റ് ഓപ്ഷനോടെയായിരിക്കും നാലുവർഷ ബിരുദ കോഴ്സ്. എല്ലാ സർവകലാശാലകളിലും നാലുവർഷ കോഴ്സ് തുടങ്ങണമെന്ന് വി.സിമാർ നിർദ്ദേശിച്ചു. കോളേജുകളിൽ ഒരേസമയം മൂന്ന്, നാല് വർഷ ബിരുദ കോഴ്സുകൾ നടത്തിയാൽ മൂന്നുവർഷ കോഴ്സിന് ഡിമാന്റില്ലാതാവുമെന്നും നാലുവർഷ ബിരുദം നേടിയവർക്ക് തൊഴിൽ മേഖലയിൽ മുൻഗണന ലഭിക്കുമെന്നും വി.സിമാർ വിലയിരുത്തി. എപ്പോൾ വേണമെങ്കിലും പഠനം നിറുത്താവുന്ന ഫ്രീ എക്സിറ്റ് സംവിധാനം പ്രൊഫഷണൽ കോഴ്സുകളിലെപ്പോലെ ആർട്ട്സ് ആൻഡ് സയൻസ് കോഴ്സുകളിൽ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി.

സംവരണവും സ്കോളർഷിപ്പും തുടരും

ദേശീയവിദ്യാഭ്യാസ നയത്തിൽ സംവരണം, സ്കോളർഷിപ്പ് എന്നിവയെക്കുറിച്ച് പരാമർശമില്ലെങ്കിലും കേരളത്തിൽ നിലവിലുള്ളത് തുടരും. പട്ടികസംവരണത്തിന് പകരം സോഷ്യലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ്പ് എന്നാണ് നയത്തിലുള്ളത്. നയത്തിലുള്ള ഔട്ട്കം ബേസ്ഡ് എഡ്യൂക്കേഷൻ, മൾട്ടി ഡിസിപ്ലിനറി സർവ്വകലാശാലകൾ എന്നിവ കേരളത്തിൽ നേരത്തേ നടപ്പാക്കിയവയാണ്.

മികച്ച കോളേജുകൾക്ക് റാങ്കിംഗ്

കോളേജുകൾക്ക് സർവ്വകലാശാലകൾ അഫിലിയേഷൻ നൽകുന്നത് നിറുത്തി, കോളേജുകൾക്കെല്ലാം സ്വയംഭരണം നൽകണമെന്നാണ് ദേശീയ നയത്തിലുള്ളത്. എന്നാൽ, നഗരങ്ങൾക്ക് പുറത്തെ കോളേജുകൾക്ക് സ്വയംഭരണം നേടാനുള്ള മാനദണ്ഡങ്ങൾ കൈവരിക്കാനാവില്ലെന്ന് വി.സിമാർ പറഞ്ഞു. അതിനാൽ മികച്ച കോളേജുകൾക്ക് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ സ്വയംഭരണം നൽകുകയും മറ്റുള്ളവയ്ക്ക് അഫിലിയേഷൻ തുടരുകയും ചെയ്യാനാണ് ധാരണ.

അദ്ധ്യാപകരുടെ എണ്ണം കൂട്ടണം

സർവകലാശാലകളിലെ ഗവേഷണം മെച്ചപ്പെടുത്താൻ അദ്ധ്യാപകരുടെ എണ്ണം കൂട്ടണമെന്ന് വി.സിമാർ ആവശ്യപ്പെട്ടു. സ്വയംഭരണ കോളേജുകൾ മാനവിക വിഷയങ്ങളെ അവഗണിക്കുകയാണെന്നും സയൻസ് പഠനത്തിനാണ് പ്രാധാന്യമെന്നും വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശില്പശാല മന്ത്റി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement