'വാഹനം ഫിറ്റല്ലെങ്കിൽ ഉടനെ വിൽക്കണമായിരുന്നു, വെറുതെയിട്ട് ആക്രിയാക്കണോ?'; കെഎസ്‌ആർടിസിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി

Friday 06 May 2022 2:39 PM IST

കൊച്ചി: മൈലേജില്ലാത്ത ബസുകൾ കൂട്ടിയിട്ട് നശിപ്പിച്ച കെഎസ്‌ആർടിസി നടപടിയെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്‌ത് ഹൈക്കോടതി. വാഹനം ഫിറ്റല്ലെങ്കിൽ ഉടനെ വിൽക്കണമായിരുന്നു. മൈലേജില്ലെങ്കിൽ ബസുകൾ വെറുതെ കൂട്ടിയിട്ട് സ്‌ക്രാപ്പാക്കി വിൽക്കുകയാണോ വേണ്ടതെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ബസുകൾ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്‌ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

എത്ര കാലമായി ഇങ്ങനെ ബസ് ഇട്ടിരിക്കുന്നു എന്ന ചോദ്യത്തിന് കെഎസ്‌ആർ‌ടിസി മറുപടി നൽകിയിട്ടില്ല. കൂട്ടിയിടാൻ കാരണമായി കെഎസ്‌ആർ‌ടിസി പറയുന്നത് മൈലേജില്ല എന്നാണ്. ഇങ്ങനെ വാഹനം ദുരുപയോഗം ചെയ്യുന്നതെന്തിനെന്ന് ചോദിച്ച കോടതി ജീവനക്കാർ ശമ്പളം ലഭിക്കാത്തതിൽ ഇന്ന് സമരം ചെയ്യുന്നതിനെ പരാമർശിച്ചു. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് 10 ലക്ഷം രൂപ ലഭിക്കുമായിരുന്നില്ലേ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇപ്പോൾ ബസൊന്നിന് ഒരുലക്ഷത്തിൽ താഴെപോലും വില ലഭിക്കുമോ എന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

നേരത്തെ വിപണി വിലയ്ക്ക് കെ.എസ്.ആർ.ടി.സിയ്ക്ക് എണ്ണക്കമ്പനികൾ ഇന്ധനം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. എണ്ണക്കമ്പനികളുടെ അപ്പീലിന്മേലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ.എസ്.ആർ.ടി.സിയ്ക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്.