തൃക്കാക്കരയിലെ പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയതിന് നടപടി നേരിട്ടയാൾ, പോരാത്തതിന് ഭരണാനുകൂല സർവീസ് സംഘടനയുടെ നേതാവും; പരാതിയുമായി യുഡിഎഫ്

Friday 06 May 2022 7:05 PM IST

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളത്തെയും കോഴിക്കോട്ടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെ പരസ്പരം മാറ്റിയിരുന്നു. ഇഇതിനെ തുടർന്ന് പരാതിയുമായി യുഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു. 2011ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെയാണ് എറണാകുളത്തെ പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചിരിക്കുന്നതെന്നും ഇയാൾ ഭരണാനുകൂല സർവീസ് സംഘടനാ നേതാവും ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധങ്ങളുമുള്ള വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നു.

യുഡിഎഫിന് വേണ്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി സമർപ്പിച്ചത്. നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പരാതിയിൽ പറയുന്നു.

അതേസമയം ഒരു കാരണവശാലും താൻ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകില്ലെന്ന് പി സി ജോർജ് പറഞ്ഞു. ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിച്ചത് സ്ഥാനാർത്ഥിയാകാനല്ല എൽ ഡി എഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണെന്നും പി സി ജോർ‌ജ് പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പ്രഖ്യാപനം നടന്നിട്ടില്ല.