20,000 അമ്മമാർക്ക് സൈബർ സുരക്ഷാപരിശീലനം ഇന്നുമുതൽ

Saturday 07 May 2022 12:51 AM IST

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനങ്ങൾക്ക് ഇന്ന് മുതൽ ജില്ലയിൽ തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിക്കും.

ജില്ലയിലെ ആദ്യ ക്ലാസ് മരുതറോഡ് ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കും. ജില്ലയിലെ ഹൈസ്‌കൂളുകളിൽ കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴിയാണ് 20,000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ഒന്നാം ഘട്ടത്തിൽ പരിശീലനം നൽകുന്നത്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ, മൊബൈൽ ഫോൺ ഉപയോഗം, വ്യാജ വാർത്തകളെ തിരിച്ചറിയൽ, ഫാക്ട് ചെക്കിംഗ്, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും. പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റർമാരായ അദ്ധ്യാപകരും നേതൃത്വം നൽകുമെന്ന് ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.

Advertisement
Advertisement