ഷവർമ്മ കഴിച്ച് മരണം: കടകൾക്ക് ലൈസൻസില്ല

Saturday 07 May 2022 4:40 AM IST

കൊച്ചി: കാസർകോട് ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദ മരിച്ച സംഭവത്തിൽ, ഷവർമ്മ വിറ്റ ഐഡിയൽ കൂൾബാറിനും ഇവർക്ക് കോഴിയിറച്ചി നൽകുന്ന ബദരിയ ചിക്കൻ സെന്ററിനും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മരണത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ പി. ഉണ്ണികൃഷ്‌ണൻ നായരാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. കൂൾ ബാറിന്റെ ലൈസൻസ് 2021 ഒക്ടോബർ 30നു തീർന്നു. ശുചിത്വം പാലിക്കാത്തതിനാൽ ലൈസൻസ് പുതുക്കി യിനൽകിയില്ല. ഏപ്രിൽ 29ന് വൈകിട്ട് ഏഴിനിടെ 80 കിലോ ചിക്കൻ ഷവർമ്മ വിറ്റു. ഇതു കഴിച്ച 40 പേർ ആശുപത്രിയിലായെന്നും റിപ്പോർട്ടിൽ പറയുന്നു.

ലൈസൻസില്ലാതെ എങ്ങനെ

പ്രവർത്തിച്ചു?

കഴിഞ്ഞ വർഷം ലൈസൻസ് തീർന്ന സ്ഥാപനം എങ്ങനെ ഇത്രയും കാലം പ്രവർത്തിച്ചെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തില്ലായിരുന്നില്ലെങ്കിൽ എത്രപേരുടെ ജീവന് ഭീഷണിയാകുമായിരുന്നു? പരസ്യമായി വിറ്റ ഭക്ഷ്യവസ്തു കഴിച്ചാണ് ഒരു പെൺകുട്ടി മരിച്ചത്. ഇതിനു നേരെ കണ്ണടയ്ക്കാൻ ഹൈക്കോടതിക്ക് കഴിയില്ല. പരിശോധനകൾ നാലു ദിവസം നടത്തിയാൽ പോരാ, വർഷം മുഴുവൻ വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാമെന്ന് സർക്കാരും ഭക്ഷ്യസുരക്ഷാവകുപ്പും വിശദീകരിക്കണം. ഹർജി മേയ് 25നു വീണ്ടും പരിഗണിക്കും.

43 സ്ഥാപനങ്ങൾ പൂട്ടി

 ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ 32 സ്‌ക്വാഡുകൾ നാല് ദിവസത്തിനിടെ 500 പരിശോധനകൾ നടത്തി. 43 സ്ഥാപനങ്ങൾ പൂട്ടിച്ചു

 115 കിലോ പഴകിയ മാംസം നശിപ്പിച്ചു. 40 സാമ്പിളുകൾ ശേഖരിച്ചു. 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

Advertisement
Advertisement