കെ.എസ്.ഇ.ബിയിൽ ഒത്തുതീർപ്പ്, സമരം അവസാനിപ്പിച്ചു

Saturday 07 May 2022 12:46 AM IST

തിരുവനന്തപുരം: നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടി മാനേജ്മെന്റ് പുന:പരിശോധിക്കുമെന്നുൾപ്പെടെ ചർച്ചയിൽ ഒത്തുതീർപ്പ് ഉണ്ടായതോടെ കെ.എസ്.ഇ.ബിയിൽ ഇടതു അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ നടത്തിവന്ന സമരം പൂർണമായി അവസാനിപ്പിച്ചു. സമരവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികൾ ഉടൻ അവസാനിപ്പിക്കും.

ഹൈക്കോടതി നിർദ്ദേശപ്രകാരം ഉൗർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹയാണ് ചർച്ച വിളിച്ചുചേർത്തത്. കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായും ചർച്ച നടത്തിയിരുന്നു.

കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക്, ഡയറക്ടർ വി.ആർ.ഹരി, അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ഹരികുമാർ,സോണൽ സെക്രട്ടറി ഷൈൻരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ അസോസിയേഷൻ നേതാവ് ജാസ്മിൻബാനുവിനെ മാർച്ച് 28ന് സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് സമരം തുടങ്ങിയത്. സമരത്തിനെതിരെയുള്ള പൊതുതാത്പര്യഹർജി പരിഗണിച്ചാണ് ഉൗർജ്ജ വകുപ്പ് സെക്രട്ടറിയോട് ഇടപെടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

ജാസ്‌മിൻ ബാനു തിരുവനന്തപുരത്ത്

 സസ്പെൻഷനിലായവർക്ക് ഇനി ഉണ്ടാകുന്ന ഒഴിവുകളിൽ സൗകര്യപ്രദമായ സ്ഥലത്ത് പോസ്റ്റിംഗ്

 ജാസ്‌മിൻ ബാനുവിന് തിരുവനന്തപുരത്ത് നിയമനം. ബി.ഹരികുമാറിന് നിഷേധിച്ച പ്രൊമോഷൻ അനുവദിക്കും

 ഡയസ്നോൺ ബാധകമാക്കിയ നടപടി പിൻവലിക്കുന്നത് നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും

 മാനേജ്മെന്റുമായി അസോസിയേഷൻ സഹകരിക്കും. അച്ചടക്കലംഘനമുണ്ടാകില്ലെന്ന ഉറപ്പും നൽകി

 മാനേജ്മെന്റ് നടപടികൾക്കെതിരെ പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കും.

 സ്ഥാപനത്തിന്റെ പൊതുവായ പ്രവർത്തനത്തെ ബാധിക്കുന്ന വിമർശനങ്ങൾ സംഘടനകൾ നടത്തില്ല

 സംഘടനകളുമായി ഏകോപനത്തിന് ഫിനാൻസ് ഡയറക്ടറുടെ പ്രത്യേക സംവിധാനമുണ്ടാക്കും

Advertisement
Advertisement