കേരള മുസ്ലിം സംവരണം:അന്യ സംസ്ഥാനക്കാർ അർഹരല്ല

Saturday 07 May 2022 12:49 AM IST

ന്യൂഡൽഹി:കേരളത്തിൽ മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിൽ നിയമിക്കപ്പെടാൻ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിങ്ങൾ അർഹരല്ലെന്ന് സുപ്രീം കോടതി. സ്വന്തം സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ശരി വച്ചു.ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളനുസരിച്ചാണ് സംവരണം നിശ്ചയിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

കർണ്ണാടക സ്വദേശിയായ ബി. മുഹമ്മദ് ഇസ്മയിലിനെ കണ്ണൂർ സർവ്വകലാശാല ഐ.ടി വിഭാഗത്തിൽ സംവരണം ചെയ്യപ്പെട്ട തസ്തികയിലേയ്ക്ക് നിയമിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. മുഹമ്മദ് ഇസ്മയിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഇതിനെതിരെ കണ്ണൂർ സർവ്വകലാശാലയും മുഹമ്മദ് ഇസ്മയിലും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സർവ്വകലാശാലയുടെ വാദം

മുസ്ലിം വിഭാഗം കർണ്ണാടകത്തിലും കേരളത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തതാണെന്നും അതിനാൽ കർണ്ണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂർ സർവ്വകലാശാലയിൽ പിന്നാക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്ത തസ്തികയിലേക്ക് നിയമനം നൽകുന്നതിൽ തെറ്റില്ലെന്നും സർവ്വകലാശാല കോടതിയിൽ വാദിച്ചു. 2018ലെ യു.ജി.സി ചട്ടങ്ങളനുസരിച്ച്‌ ദേശീയ തലത്തിൽ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതെന്നും സർവ്വകലാശാല ചൂണ്ടിക്കാട്ടി..

പിന്നാക്ക വിഭാഗക്കാരുടെ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരനാണ് ബി.മുഹമ്മദ് ഇസ്മയിൽ.

ഒരു സംസ്ഥാനത്ത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ലഭിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മറ്റൊരു സംസ്ഥാനത്ത് ആനുകൂല്യങ്ങൾ അവകാശപ്പെടാനാകില്ലെന്ന് രണ്ടാം റാങ്കുകാരനായ അബ്ദുൾ ഹലീമിന്റെ അഭിഭാഷകർ വാദിച്ചു.ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Advertisement
Advertisement