വധ ഗൂഢാലോചനക്കേസിൽ സായ് ശങ്കർ മാപ്പുസാക്ഷി
Saturday 07 May 2022 2:57 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ മാപ്പുസാക്ഷിയാകും. ഏഴാം പ്രതിയായ ഇയാളെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. തുടർന്ന് സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു.
ഇന്ന് വൈകിട്ട് മൂന്നിന് സായ് കോടതിയിൽ ഹാജരാകണം. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കുമെന്ന് ഏപ്രിൽ 11ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്.