മഹാകാളികാ യാഗത്തിന് തിരി തെളിഞ്ഞു സന്യാസി സംഗമഭൂമിയായി പൗർണ്ണമിക്കാവ്

Saturday 07 May 2022 1:30 AM IST

തിരുവനന്തപുരം: മഹാകാലഭൈരവ അഖാഡയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാകാളികായാഗത്തിന് വിഴിഞ്ഞം വെങ്ങാനൂരിലെ ചാവടിനടയിലുള്ള പൗർണ്ണമിക്കാവിൽ തിരി തെളിഞ്ഞു. അരണി കടഞ്ഞ് അഗ്നിയെടുത്താണ് ആദ്യ മഹാകാളികായാഗത്തിന് തിരി കൊളുത്തിയത്. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദതീർത്ഥ ആദ്യ തിരി തെളിച്ചു.

കാലഭൈരവ അഖാഡ ചീഫ് ജനറൽ സെക്രട്ടറി ആനന്ദ് നായരെ മഹാകാളികായാഗ ആചാര്യന്മാർ മഹായാഗ ബ്രഹ്‌മനായി അഭിഷേകം നടത്തി അവരോധിച്ചു. അഗ്നിപൂജക്ക് ശേഷം ഗണപതി പൂജ, പരശുരാമ അനുമതി പൂജ, ഭൂമിപൂജ, യാഗഭൂമി ഖനനം എന്നിവ നടന്നു.
മഹാകാളികായന്ത്ര കലശപീഠത്തിന്റെയും യാഗകുണ്ഠത്തിന്റെയും നിർമ്മാണം ആരംഭിച്ചു. ആത്മീയതയുടെ നിറവിലാണ് മഹായതി പൂജ നടന്നത്.
യതി പൂജയിൽ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ സന്യാസിമാരാണ് പങ്കെടുത്തത്. സന്യാസിമാരുടെയും സന്യാസിനിമാരുടെയും സംഗമഭൂമിയായി പൗർണ്ണമിക്കാവ് മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

 ഇന്നത്തെ പൂജ
രാവിലെ 6.30 മുതൽ 12.30 വരെ ഗണപതിഹോമം, നവഗ്രഹപൂജ, നവഗ്രഹഹവനം, അഷ്ടദിക്ക്പാലകരെ സ്ഥാപിക്കൽ, ചിത്രകൂടവീഥി തയ്യാറാക്കൽ, ഉദകശാന്തി ജപം, യാഗശാലയിൽ ദേവതാസങ്കൽപ്പത്തിലൂടെ കുടിയിരുത്തൽ ചടങ്ങ്, തീർത്ഥവല്ലിയിൽ കാളികാദേവിയെ കുടിയിരുത്തൽ, യാഗശാലയിൽ ദേവതാ ആവാഹനം, മഹായാഗദേവതാ പൂർണ്ണാഭിഷേകം എന്നീ പൂജകൾ നടക്കും.

വൈകിട്ട് 5ന് മഹായാഗദേവതാ അലങ്കാര ആരതി, മൂകാംബിക മുഖ്യതന്ത്രിയായ ഡോ. രാമചന്ദ്ര അഡിഗയെയും മറ്റ് ആചാര്യന്മാരെയും യാഗശാലയിലേക്ക് പൂർണ്ണകുംഭം നൽകി ആനയിക്കും. 5.30 മുതൽ 8.30 വരെ ദേവതാ പ്രാർത്ഥന, യാഗശാലാ പ്രവേശനം, മണ്ഡലദർശനം, പ്രധാനസങ്കൽപ്പം, ഗണപതി പൂജ, പുണ്യഹവാചനം, ആചാര്യവരണം, കലശസ്ഥാപനം, മഹായാഗ ദേവതാ ആരതി, കാളികാജപം ആരംഭം, അഷ്ട അവദാനം എന്നീ പൂജകളാണ് പ്രധാന ചടങ്ങുകൾ.

Advertisement
Advertisement