ഹിമോഫീലിയ രോഗികൾക്കായി ജില്ലയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കും: മന്ത്രി വി അബ്ദുറഹ്മാൻ

Sunday 08 May 2022 12:47 AM IST
ആശാധാര പദ്ധതിയുടെ ഭാഗമായി മലപ്പുറം എം.എസ്.പി സ്മാര്‍ട്ട് ക്ലാസ് റൂം ഹാളില്‍ നടന്ന ഹീമോഫിലിയ ദിനാചരണവും കുടുംബ സംഗമവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഹിമോഫീലിയ രോഗബാധിതർക്കായി ജില്ലയിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ആശാധാര പദ്ധതിയുടെ ഭാഗമായുള്ള ഹിമോഫീലിയ ദിനാചരണവും കുടുംബസംഗമവും മലപ്പുറം എം.എസ്.പി സ്മാർട്ട് ക്ലാസ് റൂം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികൾക്കായി മരുന്നും ചികിത്സയും ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കും. ആശാധാര പദ്ധതി നല്ല നിലയിൽ മുന്നോട്ടുപോകുന്നുണ്ട്. കൂട്ടായ്മയിലൂടെ മികച്ച പ്രവർത്തനം തുടരും. ജില്ലയിലെ ഹിമോഫിലീയ രോഗികളുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഹിമോഫീലിയ മേഖലയിലെയും ഭിന്നശേഷി രംഗത്തെയും മുന്നണി പോരാളികളായ പി ആതിര, ഡോ. ഫിറോസ്, അഞ്ജിത എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

പി ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി. ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ, മലപ്പുറം ഡി.വൈ.എസ്.പി ദേവദാസ്, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി എന്നിവർ മുഖ്യാതിഥികളായി.

Advertisement
Advertisement