ശക്തമായ നടപടിയുമായി എക്‌സൈസ് ജില്ലയിൽ ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 265 കേസുകൾ

Sunday 08 May 2022 12:51 AM IST

മലപ്പുറം: ലഹരിക്കെതിരെ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി എക്‌സൈസ്. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിലെ വിവിധ ഇടങ്ങളിലായി 265 കേസുകൾ എക്‌സൈസ് രജിസ്റ്റർ ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി 211 കേസുകളിലായി 723.69 കിലോഗ്രാം കഞ്ചാവ്, 25 കേസുകളിലായി 75 കഞ്ചാവ് ചെടികൾ, 11 കേസുകളിലായി 85.29 ഗ്രാം എം.ഡി.എം.എ, ഏഴ് കേസുകളിലായി 3,457 ഗ്രാം ഹാഷിഷ് ഓയിൽ, ഓരോ കേസുകളായി 0.077 ഗ്രാം എൽ.എസ്.ഡി, 0.021 ഗ്രാം കൊക്കയ്ൻ, രണ്ട് ഗ്രാം ചരസ്, 6.302 ഗ്രാം ഹെറോയ്ൻ എന്നിവയാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത കേസുകളിലുമായി എക്‌സൈസ് വിഭാഗം പിടിച്ചെടുത്തത്. ലഹരി വ്യാപനം തടയാൻ വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചതായും ശക്തമായ നടപടികൾ തുടരുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികളാണ് ജില്ലയിൽ എക്‌സൈസ് സ്വീകരിക്കുന്നത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി വിമുക്തി മിഷന്റെ നേത്യത്വത്തിൽ ബോധവൽകരണപുനരധിവാസ പ്രവർത്തനങ്ങളും തുടരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വനിതാ കമ്മീഷനും യുവജന ക്ഷേമ സമിതിയും ചേർന്ന് വാർഡ് തല ജാഗ്രതാ സമിതികളും സജീവമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കമീഷണറുടെ നേത്യത്വത്തിൽ ജില്ലയിൽ തിരൂരങ്ങാടി, തിരൂർ, പൊന്നാനി, നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, എക്‌സൈസ് എൻഫോസ്‌മെന്റ് ആന്റ് ആന്റി നേർക്കോട്ടിക്സ് സ്‌പെഷ്യൽ സ്‌ക്വാഡ് മലപ്പുറം ഉൾപ്പടെയുള്ള എക്‌സൈസ് സർക്കിളുകളിലും നിലമ്പൂർ, പെരിന്തൽമണ്ണ, കാളികാവ്, മലപ്പുറം, മഞ്ചേരി, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, പൊന്നാനി എന്നീ ഒമ്പത് റേഞ്ചുകളിലും വഴിക്കടവിലെ ചെക്ക്‌പോസ്റ്റും കേന്ദ്രീകരിച്ചാണ് ജില്ലയിൽ എക്‌സൈസിന്റെ പ്രവർത്തനം.

Advertisement
Advertisement