അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനങ്ങൾക്ക് തുടക്കം

Sunday 08 May 2022 12:10 AM IST

കാസർകോട്: സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് കക്കാട്ട് സ്‌കൂളിൽ ജില്ലയിലെ ആദ്യ പരിശീലന പരിപാടി ആരംഭിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.

ജില്ലയിലെ ആദ്യ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ജി.എച്ച്.എസ്.എസ് കക്കാട്ട് യൂണിറ്റിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൽബിൻ സെബാസ്റ്റ്യൻ, പി.വി ഭവ്യ, എം. മായ, വി. തൃതീയ എന്നിവരും കൈറ്റ് മാസ്റ്റർ/ മിസ്ട്രസ് മാരായ കെ. സന്തോഷ്, സി. ഷീല എന്നിവരുമാണ്. ഉദ്ഘാടന പരിപാടിക്ക് കൈറ്റ് ജില്ലാ കോർഡിനേറ്റർ എം.പി രാജേഷ്, മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ കെ. ശങ്കരൻ, മാസ്റ്റർ ട്രെയിനർ കെ.വി മനോജ്, സി. വരുൺ, ജി.എച്ച്.എസ്.എസ് കക്കാട്ട് പ്രഥമാധ്യാപകൻ പി. വിജയൻ, പി.ടി.എ പ്രസിഡന്റ് കെ.വി മധു എന്നിവർ നേതൃത്വം നൽകി.
ജില്ലയിൽ 115 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഈ വർഷം 20,​000 അമ്മമാർക്കാണ് പരിശീലനം നൽകുക. 20 വരെയുള്ള ദിവസങ്ങളിൽ 30 പേർ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം.

Advertisement
Advertisement