തീയതി മാറ്റിയെന്ന വാർത്ത വ്യാജം നീറ്റ് പി.ജി പരീക്ഷ മേയ് 21 ന് തന്നെ

Sunday 08 May 2022 12:00 AM IST

ന്യൂഡൽഹി: പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ പ്രവേശനത്തിനുള്ള ഈ വർഷത്തെ നീറ്റ് പി.ജി പരീക്ഷ നേരത്തെ തീരുമാനിച്ച തീയതിയായ മേയ് 21 തന്നെ നടക്കും. പരീക്ഷ ജൂലായ് 9 ലേക്ക് മാറ്റി വച്ചതായി നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷന്റെ (എൻ.ബി.ഇ) പേരിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകമായി വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. പരീക്ഷ മാറ്റിവച്ചതായുള്ള പ്രചാരണം വ്യാജമാണെന്നും പരീക്ഷാതീയതിയിൽ മാറ്റമില്ലെന്നും കേന്ദ്രസർക്കാർ വാർത്താവിഭാഗമായ പി.ഐ.ബി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.


നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് (എൻ.ബി.ഇ.എം.എസ്) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ അറിയിപ്പുകൾക്കും 2020 ജൂലായ് 9 മുതൽ ക്യു ആർ കോഡ് നൽകുന്നുണ്ടെന്നും ഇത് സ്‌കാൻ ചെയ്യുന്നത് വഴി ഈ വിഭാഗവുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. natboard.edu.in എന്ന വെബ്സൈറ്റിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കൃത്യസമയത്ത് നൽകുന്നുണ്ട്. യഥാർത്ഥ വസ്‌തുതകൾക്കായി വിദ്യാർത്ഥികൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാം. എൻ.ബി.ഇ.എം.എസിന്റെ പേരിൽ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രചാരണങ്ങളുമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത അറിയിപ്പുകളിൽ ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയങ്ങൾക്ക് 011-45593000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ, അതല്ലെങ്കിൽ വെബ്സൈറ്റിന്റെ കമ്മ്യൂണിക്കേഷൻ വെബ് പോർട്ടലിൽ അന്വേഷിക്കുകയോ ചെയ്യാം.

 
Advertisement
Advertisement