കേരളകൗമുദി വാർത്ത ഫലം കണ്ടു , പട്ടിക വിഭാഗം സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ വീണ്ടും

Saturday 07 May 2022 10:44 PM IST

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ പട്ടിക വിഭാഗക്കാരുടെ സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പരിശോധിക്കുന്ന സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന്റെ എംപ്ലോയ്‌മെന്റ് സെൽ - ബി പ്രവർത്തനം പുനരാരംഭിച്ചു. ഒഴിവു വരുന്ന പട്ടിക ജാതി-പട്ടിക വർഗ്ഗ തസ്തികകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സർക്കുലറിറക്കി.
സെൽ - ബിയെ, സെൽ -എ യിൽ ലയിപ്പിച്ച് പൊതുഭരണം (എംപ്ലോയ്‌മെന്റ് സെൽ ) എന്ന ഒറ്റ വകുപ്പാക്കാനുള്ള നിർദ്ദേശം പ്രത്യാഘാതമുണ്ടാക്കുമെന്ന് കഴിഞ്ഞ 29ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മാസങ്ങളായി പ്രവർത്തന രഹിതമായിരുന്ന വകുപ്പിൽ നിന്ന് പുതിയ സർക്കുലറിറങ്ങിയത്.
പട്ടിക ജാതി - പട്ടിക വർഗ മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശം പരിഗണിക്കാതെ സെൽ നിറുത്താനുള്ള പൊതുഭരണവകുപ്പ് സെക്രട്ടറി ശാരദ മുരളീധരന്റെ തീരുമാനം പട്ടിക വിഭാഗത്തിന് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

പൊതുഭരണ വകുപ്പിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കാൻ രൂപീകരിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് സെൽ - ബിയെ എ - സെല്ലിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. ഇത് ജനുവരി 25ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദ്ദേശിച്ചത്.

റിക്രൂട്ട്‌മെന്റിന്

അനിവാര്യം

87 വകുപ്പുകളിലെ വാർഷിക അവലോകനവും, പട്ടിക വിഭാഗ നിയമനങ്ങളും പരിശോധിക്കുന്നതാണ് സെൽ-ബി. എസ്.സി /എസ്.ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പുരോഗതി റിപ്പോർട്ട്,​ സംവരണ നിർദ്ദേശങ്ങളുടെ മാനുവൽ എന്നിവ തയ്യാറാക്കുക, പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഭേദഗതി വരുത്താനുള്ള സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുക എന്നിവയാണ് സെൽ - ബിയുടെ ചുമതല. 2019 വരെ സെൽ ബിയുടെ പരിശോധനയിൽ 2000ത്തിലേറെ ഒഴിവുകൾ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിനായി റിപ്പോർട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയിരുന്നു.

Advertisement
Advertisement