പട്ടാമ്പി ഗവ.കോളേജിൽ ആർക്കിയോളജിക്കൽ മ്യൂസിയം പ്രവർത്തനം തുടങ്ങി

Sunday 08 May 2022 12:49 AM IST

പട്ടാമ്പി: നീലകണ്ഠ ഗവ.സംസ്‌കൃത കോളേജിൽ പുതുതായി തയ്യാറാക്കിയ ആർക്കിയോളജിക്കൽ മ്യൂസിയം പ്രിൻസിപ്പൽ ഡോ.സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. രണ്ടു ഗ്യാലറികളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ഗാലറി പ്രാക് ചരിത്ര കാലത്തെയും ഇരുമ്പ് യുഗത്തെയും പരിചയപ്പെടുത്തുന്നു. ജില്ലയിലെ പ്രമുഖമായ പ്രാക് ചരിത്ര കാല സ്ഥാനങ്ങളിൽ നിന്നും മഹാ ശിലായുഗ (ഇരുമ്പ് യുഗ) സ്ഥാനങ്ങളിൽ നിന്നും ചരിത്രാദ്ധ്യാപകൻ കെ.രാജൻ 2004 മുതൽ നടത്തിയ പുരാവസ്തു പര്യവേഷണത്തിനിടെ ശേഖരിച്ച അവശിഷ്ടങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പതിനെട്ടാം നൂറ്റാണ്ടിലെ ആനയച്ചു നാണയങ്ങൾ, വി.ഒ.സി എന്ന പേരിലുള്ള ഡച്ചു നാണയങ്ങൾ, ബ്രിട്ടീഷ് കാലത്തെ നാണയങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാലത്തെ നാണയങ്ങൾക്കു പുറമെ വിദേശ രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും പ്രദർശിപ്പിച്ചിട്ടുണ്ട്. വൈസ് പ്രിൻസിപ്പൽ പി.കെ. പ്രസന്ന, ചരിത്ര വിഭാഗം മേധാവി ഡോ.കെ.രാജൻ, ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഷിജ, അറബിക് വിഭാഗം തലവൻ ഡോ.പി.അബ്ദു , തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement