ലോഡിറക്കി പോക്കറ്റിലാക്കിയത് 3 ലക്ഷം രൂപ

Sunday 08 May 2022 12:53 AM IST

കൊച്ചി: കാറും ബൈക്കുമൊന്നുമില്ല, കടത്തിക്കൊണ്ട് പോയത് 12 വീലിന്റെ കൂറ്രർ ട്രെയ്ലർ ! അടിച്ചെടുത്തതെന്ന് മാത്രമല്ല, വണ്ടിയുപയോഗിച്ച് പോക്കറ്റിലാക്കിയത് മൂന്ന് ലക്ഷത്തോളം രൂപയും. കൊച്ചി സിറ്റി പൊലീസിനെ ഞെട്ടിച്ച ട്രെയ്ലർ കടത്ത് കേസിൽ രണ്ട് മാസത്തിന് ശേഷം പ്രതിയെ പിടികൂടി തൊണ്ടിമുതൽ കണ്ടെടുക്കാനായതിന്റെ ആശ്വാസത്തിലാണ് അന്വേഷണസംഘം.

കൊല്ലം മുണ്ടക്കൽ സ്വദേശിയാണ് പിടിയിലായത്. കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്രാൻസ്പോട്ട് കമ്പനിയുടെ ട്രെയ്ലറാണ് ഇയാൾ കൈക്കലാക്കിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. ഡ്രൈവറായാണ് പ്രതി കമ്പനിയിലെത്തിയത്. ഇയാളെ വിശ്വസിച്ച് കോയമ്പത്തൂർ, തമ്പാനൂർ, ശിവകാശി, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ ട്രിപ്പിനായി ട്രെയ്ലർ നൽകി. കയറ്റിറക്ക് പൂത്തിയാക്കി തിരിച്ചെത്തിയെങ്കിലും ഇയാൾ ട്രെയ്ലർ കൈമാറിയില്ല. വാഹനവുമായി മുങ്ങി. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണും എടുക്കാതെയായി. തുടർന്ന് ട്രാൻസ്പോർട്ട് കമ്പനി മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം കൊല്ലം അഞ്ചാലുംമൂടിൽ ട്രെയ്ലറുമായി പ്രതി എത്തിയതറിഞ്ഞ് ഉടമ അവിടുത്തെ പൊലീസിനെ വിവരമറിക്കുകയായിരുന്നു. ഐ.പി.എസുമാരാനായ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഇയാളേയും വണ്ടിയും കസ്റ്റഡിയിലെടുക്കുകയും വിവരം കൊച്ചി സിറ്റിപൊലീസിന് കൈമാറുകയുമായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് കൊല്ലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ഇന്നലെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

ഉത്തരേന്ത്യയിലുൾപ്പെടെ കറങ്ങിനടന്ന് ചരക്ക് കൈമാറ്രം ചെയ്തുവരികയായിരുന്നു. മറ്റ് കമ്പനികൾക്ക് ഇയാളുടെ അക്കൗണ്ട് നമ്പറാണ് നൽകിയിരുന്നത്. വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. അതേസമയം, കടത്തിക്കൊണ്ടുപോകൽ ആരോപണമാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Advertisement
Advertisement